ക്യാൻവാസ്

122 Views

ക്യാൻവാസ്

ഹൊ ഇപ്പൊ പെയ്യുവല്ലോ ദൈവമേ…. അവിടെയെത്തും വരെ മഴയെ ആരേലുമൊന്ന് പിടിച്ചു നിർത്തിയിരുന്നേൽ….. ആക്സിലേറ്ററിൽ കൈ കൊടുത്ത് പായുന്നതിനിടയിൽ അവനോർത്തു. കറുത്തിരുണ്ട ആകാശം ഒരു രാക്ഷസനെ പോലെ വാതുറന്നിരിക്കുകയാണ്, ആരെയോ വിഴുങ്ങാനെന്നവണ്ണം. അടുത്തിടെ ടാർ ചെയ്ത റോഡിലൂടെ നൂറേ നൂറ്റിപ്പത്തിലെന്നപോലെ പായുമ്പോഴും അവനേറെ പ്രിയപ്പെട്ട ആ അന്തരീക്ഷത്തിലേക്ക് ഇഴുകിച്ചേരാനും ശ്രമിക്കുന്നുണ്ടായിരുന്നു. തണുത്ത കാറ്റിനും ഇരുണ്ട് വരുന്ന മേഘക്കൂട്ടങ്ങൾക്കുമിടയിലൂടെ മനസ്സ് വളരെ പതുക്കെ സഞ്ചരിച്ചു. കണ്ണുകളറിയാതെ വലത്തേക്ക് പാളി, ദൂരെ മലമുകളിൽ മഴ പെയ്യുന്നത് ഞാൻ തെളിഞ്ഞു കണ്ടു. മഴ പെയ്യല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ മഴ കൊള്ളാൻ കൊതിച്ചു. ചിലപ്പോഴൊക്കെ നമ്മുടെ മനസ്സ് അങ്ങനെയാണ് ഒരേസമയം എതിരുകളെ കൊതിക്കും. രണ്ടേ നാലെ…. എട്ടേ പത്തേ… എന്ന താളത്തിൽ മഴ പെയ്ത്തിട്ടു. തുള്ളിക്കൊരു കുടം എന്നൊക്കെ പറഞ്ഞാൽ ചിലപ്പോ കുറഞ്ഞു പോകും, അത്പോലെ ആർത്തിരച്ച് അവൾ പെയ്യുകയാണ്. ഹെൽമെറ്റില്ലാത്തത് കൊണ്ട് മഴത്തുള്ളികൾ മുഖത്തടിച്ച് വല്ലാതെ വേദനിച്ചു.
ഹാവൂ എത്തിക്കഴിഞ്ഞു. ഗേറ്റ് തുറന്ന് തന്നെ കിടന്നിരുന്നു. ബോഗൻവില്ലകൾ കൊണ്ട് അതിര് തിരിച്ച പൂന്തോട്ടത്തിന്റെ നടുവഴിയിലൂടെ വീടിന്റെ പോർച്ചിലേക്കവൻ വണ്ടി കയറ്റി രണ്ട് ഹോർണടിച്ചു. ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവൻ വൃത്തിയായി കുളിച്ചിരുന്നു. പുറത്തേക്ക് നോക്കിക്കൊണ്ട് മുടി കോതിയൊതുക്കി ഒന്ന് അടിമുടി കുടഞ്ഞെണീറ്റ് വാതിൽക്കലേക്ക് നോക്കിയപ്പോൾ അവിടെ കൈകെട്ടി എന്നെനോക്കിച്ചിരിക്കുന്ന രണ്ട് കണ്ണുകൾ.
“ഹീ…. ചെറുതായൊന്ന് നനഞ്ഞു. “
ചെറിയ ചമ്മലോടെ അവൻ പറഞ്ഞു.
” ഉം…. ഉം …. വന്ന് ചേഞ്ച്‌ ചെയ്യാൻ നോക്ക് “
ഉള്ളിലെ ചിരിയടക്കിക്കൊണ്ട് അവൾ അകത്തേക്ക് പോയി. വഴിയിലൂടെ വെള്ളം തൂവി അവൻ പിറകെ ചെന്നു. നനഞ്ഞവ മെഷീനിലിട്ട് ഒരു കാവി മുണ്ടും അരണ്ട നീല നിറത്തിലുള്ള ഒരു ടീ ഷർട്ടുമിട്ടുകൊണ്ട് അവൻ ഹാളിലേക്ക് വന്നു. ചുവരിൽ തൂങ്ങിക്കിടക്കുന്ന ചിലങ്കകൾ എന്തെന്നില്ലാതെ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി. അവ കാണുമ്പോൾ എന്നും തികട്ടി വരുന്നത് ഒരു വേദനയാണ്. ടീച്ചർ മരിച്ചിട്ട് മൂന്ന് കൊല്ലം, ഓർമ്മകൾ വേട്ടയാടുന്നപോലെ. ഭരതനാട്യ വേഷത്തിൽ നിൽക്കുന്ന ടീച്ചറിന്റെ ഒരു ഭംഗിയുള്ള പെയിന്റിംഗ് പുതുതായി തൂക്കിയിട്ടുണ്ട് എന്നതല്ലാതെ വേറെ മാറ്റങ്ങളൊന്നും ആ മുറിയിലുള്ളതായി അവന് തോന്നിയില്ല. നീളൻ ജനാലകളുടെയരികിൽ വീതിയുള്ള സ്റ്റൂളിൽ വെച്ചിരിക്കുന്ന ഗ്രാമഫോണിൽ നിന്ന് ആരുടെയോ ഷഹ്നായി സംഗീതമൊഴുകുന്നു. ഷഹ്നായിയെക്കാൾ അവനിഷ്ടം തബലയാണ്. ചടുലമെങ്കിൽ ചടുലം സൗമ്യമെങ്കിൽ സൗമ്യം എന്ന പോലെയുള്ള തബല. പുറത്ത് മഴയൊന്നും കുറഞ്ഞിട്ടുണ്ട്. കൈകളറിയാതെ ബുക്ക്‌ ഷെൽഫിലേക്ക് നീണ്ടു. മേൽക്ക് മേലായും തോളോട് തോളായും ചെരിഞ്ഞും നിവർന്നും തലകുത്തിയും പൊങ്ങിയും താണുമൊക്കെയായി ഒരടുക്കും ചിറ്റയുമില്ലാത്ത ആ ഷെൽഫിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല. അത്ര ഭംഗി. ചിട്ടയില്ലായ്മക്ക് ഇത്ര ഭംഗിയോ? ഒരു ബുക്കെടുത്ത് മറിച്ച് നോക്കി. ഇസ്മായിലിന്റെ വീര സാഹസികത നിറഞ്ഞു നിൽക്കുന്ന മൊബിഡിക്ക് എന്നോട് കുശലം ചോദിച്ചു.
” ആഹാ ഇവിടെ നിൽക്കുവാണോ? “
കയ്യിൽ രണ്ട് കപ്പുമായി അവൾ വന്നിരിന്നു.
ചായ കുടിക്കാൻ പറ്റിയ സമയമാണ് എന്ന് പറഞ്ഞുകൊണ്ട് അവനും ചെന്നിരുന്നു.
” ഇത് ചായയല്ല കാപ്പിയാണ് “
അവളുടെ വാക്കുകൾ അറിയാതെയാണെങ്കിലും ചുവരിലെഴുതിയിരിക്കുന്ന ‘കോഫി ഈസ്‌ ഹോപ്പ് ‘ എന്ന വാക്കുകളിലേക്ക് കണ്ണിനെ പായിച്ചു. കാപ്പിപ്പൊടി മുകളിൽ വിതറാത്ത നിമിഷായുസ്സ് പോലുമില്ലാത്ത കുഞ്ഞുകുമിളകളുടെ പത അവക്ക് മേൽ കനത്തിൽ കിടന്നു. ഒന്ന് താഴെക്കാർത്ത് കാറ്റിന്റെ ഗതിയിൽ പല ചുവടുകൾ വെച്ച് പല ഭാഗങ്ങളിലേക്ക് ആവി നടനമാടി. അതിനുമപ്പുറം ആ പഴയ ചാരുകസേരയിൽ ചാഞ്ഞു കിടന്ന് സ്വപ്നം കാണുകയാണവൾ. ടീച്ചറിന്റെ സാരിയാണുടുത്തിരിക്കുന്നത്. കറുത്ത കലംഗാരി ഡിസൈനോട് കൂടിയ സാരി, വീതിയുള്ള പ്ലീറ്റുകൾ തോളോട് ചേർത്ത് അലസമായിട്ടിരിക്കുന്നു. എണ്ണമയം തീരെയില്ലാത്ത നീളന്മുടി വലതു മാറിനെ മറക്കും വിധം ഭംഗിയിൽ നിശ്ചലം ഒഴുകുന്നു. ആഭരണങ്ങളേതുമില്ലാഞ്ഞിട്ടും ഉടഞ്ഞുപോയ സാരിയിലും ചെമ്പിച്ച കൂന്തലിലും ഇവളെ കാണാൻ എന്തൊരു ഭംഗിയാണ്. എഴുതിയ കണ്ണുകളോടെ ഒരിക്കൽ പോലും ഞാനിവളെ കണ്ടിട്ടില്ല. കൺതടങ്ങൾ വെളുത്തിരിക്കും എപ്പോഴും. ചായക്കൂട്ടുകൾ ഒപ്പമില്ലാത്ത ആ വന്യതക്ക് കൂടെയുള്ളത് ആരെയും ലഹരി പിടിപ്പിക്കുന്ന മണമാണ്. കാട്ടുപൂക്കളുടെ മണം. അവളുടെ വിയർപ്പിന്റെ ഗന്ധമാകുമോ അത്? അതോ വിലയേറിയ ഏതോ ഒരു കുപ്പിയിൽ നിന്നൊഴുകുന്ന മറ്റൊരാളിലനുഭവിക്കാവുന്ന മണമാണോ അത്?……
” നീയിതെന്താ ആലോചിക്കുന്നത്? കാപ്പി പാട കെട്ടിയാൽ പിന്നെ ഒരു സുഖമുണ്ടാവില്ലാട്ടോ “

ഏതൊക്കെയോ ചിന്തകളിലാണ്ട് കിടന്ന അവനെയുണർത്തിക്കൊണ്ട് അവൾ പറഞ്ഞു.
” ഏയ്!…. ഇന്നെന്താ പതിവില്ലാതെ സാരി? “
” ഇന്ന് അമ്മയുടെ മുറി ഒന്ന് വൃത്തിയാക്കി. പൊടി പിടിച്ച് കിടക്കുവാരുന്നു. ഈ വീട്ടിൽ ഏറ്റവും വൃത്തിയായി കിടന്നിരുന്ന മുറിയാണ് ഇന്ന് മാറാലേം പൊടീം പിടിച്ചു ആകെ അനാഥമായി കിടക്കുന്നു. അന്നേരം അലമാര തുറന്നപ്പോൾ ഒരു കൊതി. അങ്ങനെ ഉടുത്തതാ. അങ്ങനെ നിക്കുമ്പഴാണ് നിന്റെ ഹോർണടി. “
ഗ്രാമഫോണിൽ നിന്നൊഴുകുന്ന സംഗീതത്തിന്റെ ലഹരിയിൽ ഞങ്ങളിരുന്നു. അടുത്ത സദ്യക്കുള്ള ഒരുക്കം കൂട്ടുന്ന കലവറ പോലെ ആകാശത്തിൽ ഒച്ചയും അനക്കവും തുടങ്ങിയിരുന്നു.
“പിന്നെ പറയ് എന്തായി പ്രൊജക്റ്റ്‌ പേപ്പർ ഒക്കെ?…”
പ്രത്യേകിച്ച് മുഖവുരയൊന്നുമില്ലാതെ അവൾ ചോദിച്ചു.
” ഉം…. അതിന്റെ കാര്യമൊന്നും പറയാതിരിക്കലാ ഭേദം. വേണ്ടവിധം കൈകാര്യം ചെയ്‌താൽ അടിപൊളിയാക്കി എടുക്കാവുന്ന സബ്ജെക്ട് ഒക്കെ തന്നെ. പക്ഷെ പണ്ടത്തെ പോലെയൊന്നുമല്ല എഴുതാൻ പറ്റുന്നില്ല, നല്ല തുടക്കം പോലും കിട്ടുന്നില്ല. പേനയെടുക്കുമ്പോൾ കൈ വിറക്കുന്ന പോലെ. അങ്ങേർക്ക് ഇരുന്നങ്ങ് പറഞ്ഞാ മതി. മാങ്ങാത്തൊലി കേൾക്കുമ്പോ വരുന്ന കലിക്ക് കയ്യും കണക്കുമില്ല. “
“രാത് കലി ഇക് ഖാബ് മേം ആയീ…… “
അവൻ പറയുന്നതിലൊന്നും ശ്രദ്ധ കൊടുക്കാതെ അവൾ താളം പിടിച്ച് മൂളിക്കൊണ്ടിരുന്നു. താൻ പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ സ്വയം നിർത്തി കാപ്പിയിലേക്ക് നാവ് പൂഴ്ത്തി. എന്തോ കണ്ടുപിടിച്ചെന്നവണ്ണം ചാടിയെഴുന്നേറ്റ് അവനെ കുലുക്കിവിളിച്ചുകൊണ്ടവൾ പറഞ്ഞു :
” എണീറ്റേ…. ഒരു കാര്യം ഇണ്ട്…. “
“എങ്ങോട്ടാ….. എന്താ… നീ കാര്യം പറ…”
” നിനക്കൊരുപക്ഷെ ഒരു നല്ല തുടക്കം കിട്ടിയേക്കും”
ഒരു പിന്നു കൊണ്ടു പോലുമുറപ്പിക്കാത്ത സാരിത്തുമ്പ് തോളിൽ നിന്ന് കൈകളിലേക്ക് വഴുതിയത് കാര്യമാക്കാതെ വലിച്ചു തോളിലേക്ക് തന്നെയിട്ട് വീതിയില്ലാത്ത ഫ്രെയിമോട് കൂടിയ കറുത്ത വട്ടക്കണ്ണട നേരെ വെച്ചുകൊണ്ടവൾ അവന്റെ കൈ പിടിച്ചു വലിച്ച് മുന്നോട്ടുകൊണ്ടുപോയി ഒന്നും മനസ്സിലാകാതെ ആ മനസ്സ് തുടിച്ചു. ആ നടത്തം ചെന്നെത്തിയത് അവളുടെ പണിശാലയിലായിരുന്നു. രണ്ടു പാളികളുള്ള ആ മുറിയുടെ വാതിൽ മലർക്കേ തുറന്നപ്പോൾ വാതിലുകൾ ചെന്ന് ഭിത്തിയിലടിച്ചു ശബ്ദമുണ്ടാക്കി. ഭംഗിയുള്ളതും ഇല്ലാത്തതുമായ കാൻവാസുകളുടെയും നിറച്ചായങ്ങളുടെയുമിടയിലേക്ക് അവനെ വലിച്ചെറിഞ്ഞു. ദ്രുതഗതിയിൽ അവൻ നഗ്നനായി. ഉടുമുണ്ട് അവളുടെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങി കുറച്ച് ദേഷ്യത്തോടെ തന്നെ ചോദിച്ചു :
” നീയെന്താ ഈ കാണിക്കുന്നത്? “
” എന്താ നിനക്ക് നാണമാകുന്നുണ്ടോ? “
എന്നിട്ട് ഉടുക്കാൻ തുടങ്ങിയ മുണ്ട് വീണ്ടും വലിച്ചൂരിയെറിഞ്ഞുകൊണ്ട് അവനെ ആ മുറിയുടെ കോണിലുള്ള നീളൻ കണ്ണാടിക്ക് മുന്നിൽ കൊണ്ട് നിർത്തി. പൊടിപിടിച്ചും ചായക്കൂട്ടുകൾ കയറിയും മങ്ങിയ കണ്ണാടിക്ക് മുന്നിൽ ആ നഗ്ന ശരീരം അവൻ കണ്ടു.
“ഇതാണ് നിന്റെ വിഷയം. ഇത്രയും മാത്രമാണ് നിന്റെ വിഷയം. “
മുടിയൊതുക്കിവെച്ചിരുന്ന ബാൻഡും കയ്യിൽ അമ്മ ഏതോ കാലത്ത് കെട്ടി തന്ന ചരടും അവൾ പതിയെ അഴിച്ചുമാറ്റി നീളൻ തലമുടിയിൽ അലസമായി തലോടി അവൾ ചെവിയിൽ പറഞ്ഞു:
“നഗ്നതയെ കുറിച്ച് പഠിക്കാൻ നീ നിന്റെ ശരീരത്തിൽ നിന്ന് തന്നെ തുടങ്ങണം. “
ഇത്രയും പറഞ്ഞ് അവൾ ജനാലക്കരികിലേക്ക് പോയി. കണ്ണാടിയിലെ ശരീരത്തിലേക്ക് തന്നെ അവൻ നോക്കി. ഒരു ചരടുകൊണ്ടുപോലും മറക്കാത്ത എന്റെ ദേഹം ഒരുപക്ഷെ ഞാനാദ്യമായാകും ഇത്രയും കാമ്പോടെ കാണുന്നത്. അവനോർത്തു. പുറം തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കെ തണുത്ത കാറ്റ് അവനിലേക്കടുത്തു.
” ഛെ നീയെന്താ ഈ കാണിക്കുന്നത്. ഞാനിവിടെ തുണിയില്ലാതെ നിക്കുവാ…. “
” അതെന്താ ത്തിനില്ലാതെ ഒരുത്തൻ അടുത്ത് നിപ്പുണ്ടേൽ എനിക്ക് എന്റെ ജനാല തുറക്കാൻ പാടില്ലേ? “
” ആരേലും കാണുംന്ന്… “
“ഈ കാണുന്നവനൊള്ളതിൽ കൂടുതൽ എന്താ നിനക്കൊള്ളെ? അങ്ങനെ എന്തേലുമുണ്ടോ?”
ഒന്ന് സൂക്ഷിച്ചു നോക്കിയവൾ ചോദിച്ചു. കുറച്ച് ദേഷ്യത്തോടെ തന്നെ അവനാ ജനലുകൾ കൊട്ടിയടച്ചു. പൊടിപിടിച്ച കട്ടനുകൾ വലിച്ചിട്ട് മറന്നു ഭദ്രമാക്കി. അരണ്ട വെളിച്ചമേ ആ മുറിയിലപ്പോഴുണ്ടായിരുന്നുള്ളൂ. മേശക്കരികിൽ നിന്നുകൊണ്ട് പെൻസിലിന് മൂർച്ച കൂട്ടുകയായിരുന്ന അവളിലേക്ക് ചിന്തകളാണ്ടു. എഴുത്തുകാരുടെ സുരഭില വർണ്ണനകൾക്ക് പാത്രമായ സൃഷ്ടി, സ്ത്രീ…. അവരറിയാതെ മഴ പെയ്ത്തിട്ടു. ഇരുനിറമാർന്ന ഇടുങ്ങിയ അരക്കെട്ട് വിളിക്കുന്ന പോലെ തോന്നി, അവൾക്ക് ശ്വാസം മുട്ടും വിധം കെട്ടിപ്പിടിച്ചു. അരക്കെട്ടിൽ അവന്റെ കൈകൾ മുറുകിക്കൊണ്ടിരുന്നു. പിൻകഴുത്തിൽ അവനാർത്തിയോടെ ഉമ്മ വെച്ചു. ഒന്ന് നിറുത്തിയ ശേഷം വീണ്ടും മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് പെൻസിലിന്റെ മുന കൂർപ്പിച്ചുകൊണ്ടിരുന്ന അവൾ പിന്നിലേക്ക് കണ്ണയച്ച് കൊണ്ട് അവന്റെ തോളിൽ പെൻസിലുകൊണ്ടോന്ന് കുത്തി.”ഔ.. “
അവൾ അമർത്തിച്ചിരിച്ചു. അവന്റെ കൈകളാൽ അയഞ്ഞ സാരി അഴിച്ചുമാറ്റി തൊട്ടടുത്ത കസേരയിൽ ഒരു കൂമ്പാരം പോലെയിട്ടുകൊണ്ട് അവൾ പറഞ്ഞു :
” ഹർഷൻ…. Nudity is not sex “
ഉറച്ച വാക്കുകളായിരുന്നു അവളുടേത്. ചെറിയ അവജ്ഞയോടെ അവൻ തിരിച്ച് ചോദിച്ചു :
” അതെന്താ അങ്ങനെ തോന്നാൻ? “
“തോന്നലല്ല ഹർഷൻ അതാണ് യാഥാർഥ്യം. നഗ്നത, നഗ്നത മാത്രമാണ്. അതിലേക്ക് കാമം കയറി വരുന്നത് സിറ്റുവേഷനലാണ്. “
” അതെ. പക്ഷെ ഈ പറയുന്ന രണ്ട് കാര്യങ്ങളും അടുത്തടുത്ത് കിടക്കുന്ന കാര്യങ്ങളാണ്. മിക്കവാറും ആളുകൾക്ക് തോന്നുന്നതും അതൊക്കെ തന്നെയാണ്. “
” അങ്ങനെയെങ്കിൽ ഞാൻ ചോദിക്കട്ടെ, നീ കാണുന്ന ആരുടെയെങ്കിലും നഗ്നതയിൽ നിനക്ക് തോന്നുക ലസ്റ്റാണോ? ഉദാഹരിച്ച് പറയാനാണെങ്കിൽ 2 വയസ്സായ ഒരു കുഞ്ഞിന്റെ നഗ്നത കാണുമ്പോൾ നിനക്ക് ലസ്റ്റാണോ തോന്നുക? കള്ള് കുടിച്ച് ബോധമില്ലാതെ കിടക്കുന്ന ഒരാളുടെ അവസ്ഥയിൽ സെക്സാണോ തോന്നുക? ഒന്നും വേണ്ട ഒരു പെണ്ണിനെ തുണിയില്ലാത്ത സാഹചര്യത്തിൽ കണ്ടാൽ നിനക്ക് തോന്നുന്നത് എന്താണ്? എന്റെ ശരീരമാണ് കാണുന്നതെങ്കിൽ പ്രേമത്തിന്റെ പേരില്ലെങ്കിലും കാമം തോന്നിയേക്കാം അത്പോലെ എല്ലാ നഗ്ന ശരീരം കാണുമ്പോഴും തോന്നുവോ? അതും പോട്ടെ എന്റെ ശരീരത്തിൽ തന്നെയാണെങ്കിൽ പോലും എല്ലാ സമയത്തും അങ്ങനെ തന്നെ തോന്നണമെന്നുണ്ടോ? ഏ?”
” അതിപ്പോ…. ഞാൻ പൊതുവായ ഒരു അഭിപ്രായം പറഞ്ഞതാ. “
“എടാ…. ആ ‘ പൊതു’ ആണ് മാറേണ്ടത്. “
” അതൊക്കെ മാറിയാരുന്നെങ്കിൽ ഈ ലോകം എന്നേ നന്നായിപ്പോയേനെ “
” പുരോഗമനം പറയുന്ന പലർക്കും ഈ തോന്നലുകളുണ്ട് എന്നതാണ് രസമുള്ള വസ്തുത. മാറിടങ്ങൾ കാണുമ്പോൾ വിടരുന്ന കണ്ണുകൾ നാട്ടിലൊരുപാടുണ്ട്.”
“അപ്പൊ നാട്ടിലൊള്ളോരെല്ലാം തുണി ഇല്ലാതെ നടക്കണം ന്നാണോ?”
“ഇതാണ് നിന്നെപ്പോലെയുള്ളോരടെ കൊഴപ്പം. പർദ്ദ അല്ലേൽ ബിക്കിനി എന്ന് പറയുമ്പോലെയാണ്. നൂഡിറ്റി എന്ന് പറയുമ്പോൾ പിന്നെ നാട്ടുകാരെല്ലാം തുണിയില്ലാതെ നടക്കണോ എന്ന ചോദ്യം!
പരമ കഷ്ടം “
ഒന്ന് നിർത്തി അവൾ വീണ്ടും പറഞ്ഞു :
” അതിന് നഗ്നത മറയ്ക്കാൻ തുണിയുടെ ആവശ്യമില്ല, അത് വേറെ കാര്യം. ”
അവളുടെ പുച്ഛം കണ്ട് ഹർഷനൊന്ന് ചൊടിച്ചു ഇരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ അടുക്കലേക്ക് ചെന്ന് കൊണ്ട് ചോദിച്ചു.
“എന്റെ ശരീരം കാണുമ്പോൾ ഇപ്പൊ നിനക്കെന്താ തോന്നുന്നത് “
ചായക്കൂട്ടുകളിൽ നിന്ന് ശ്രദ്ധയെടുക്കാതെയവൾ പറഞ്ഞു.
“എനിക്കൊരു ക്യാൻവാസ് വേണം ടാ”
തെല്ലിട നിർത്തിയവൾ വീണ്ടും പറഞ്ഞു
“നല്ല ഭംഗിയുള്ള ഒരു ക്യാൻവാസ് “
“അതാണോ ഇവിടുത്തെ വിഷയം?”
” എനിക്കിപ്പോൾ തോന്നുന്നത് എന്താണെങ്കിലും അത് ചെയ്യാൻ നി അനുവദിക്കുവോ?”
അവളുടെ മുഖം കയ്യിലെടുത്ത് ചുണ്ടുകളിൽ ദീർഘമായൊന്ന് ചുംബിച്ചുകൊണ്ട് അവൻ ചോദിച്ചു :
” എന്തൊരു ചോദ്യമാണെടോ അത് “
കാട്ടുപൂക്കളുടെ സുഗന്ധമാസ്വദിച്ച് അവളിലേക്കിഴുകി നിന്ന ഹർഷനെ തന്നിൽ നിന്ന് വിടുവിച്ച് നിർത്തിക്കൊണ്ട് അവൾ പറഞ്ഞു :
” എനിക്ക് നിന്നോട് തോന്നുന്നത് എന്തെന്ന് പറയാൻ എനിക്കെന്റെ വാക്കുകൾ മതിയാകുന്നില്ല ഹർഷൻ. എന്റെ നിറങ്ങളോട്, എന്റെ ബ്രഷിനോട്‌ എന്റെ ക്യാൻവാസിനോടൊക്കെ തോന്നുന്ന പോലെ ഒരു തരം….. ഒരു തരം ഫീലിംഗ്. “
അവൾ ഹർഷന്റെയടുത്തേക്ക് ചെന്ന് മുടിയിഴകളിൽ വിരലോടിച്ചു. ചൂണ്ടുവിരലിലെ പോളിഷ് ചെയ്യാത്ത നഖം കൊണ്ടവൾ താടിരോമങ്ങളിൽ തലോടി, വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തത് കണ്ണുകൾ കൊണ്ട് പറഞ്ഞെന്നു തോന്നും വിധം അവൾ നോക്കി. അവൾ തന്റെ ചായക്കൂട്ടുകൾ പലതെടുത്തൊന്നാക്കി വരക്കുവാൻ തുടങ്ങി. ചായങ്ങളിലൂടെ അവൾ കഥ പറഞ്ഞുകൊണ്ടിരുന്നു.
” ഇടവമാസത്തിൽ മഴ പെയ്ത രാത്രിയിലൂടെയാണ് നമ്മളിപ്പോൾ നടക്കുന്നത്. നീ കാണുന്നുണ്ടോ രാത്രിക്ക് എന്തൊരിരുട്ടാണ്…. ആ സ്ത്രീ വേദന കൊണ്ട് പുളയുകയാണ്, പാവം. അതാ അങ്ങോട്ട് നോക്ക്….. അവിടെ നല്ല വെളിച്ചമുണ്ടല്ലോ…. വെളിച്ചത്തിന്റെ വെള്ളപ്പൊക്കം, ആ കുട്ടികളെ കണ്ടോ അവർ വഞ്ചി തുഴയുന്നു അല്ലേ….. അതെങ്ങോട്ടാ ഒഴുകുന്നെ… കടലിലേക്കാണ്, അയ്യോ ആ കിളവൻ ആ മീനെ പിടിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ…… കടല് ദേഷ്യം പിടിച്ചിരിക്കാണ്, പക്ഷെ തീരം കടലിനെപ്പോലെയല്ല ശാന്തമാണ്… ഈ നടക്കുന്നതാരാണെന്നറിയോ…. മാലാഖമാരാണ്. മരണത്തിന്റെ നാൾവഴികളിലൂടെ നിശബ്ദം സഞ്ചരിക്കുകയാണവർ. പേരറിയാത്ത നാടുകളിലേക്ക് ആരുടെയൊക്കെയോ അവസാനങ്ങളിൽ കൂട്ടിരിക്കാൻ വേണ്ടിയാണത്രേ അവരുടെ പോക്ക്. കടലിന്റെയപ്പുറം നിനക്ക് കാണാൻ പറ്റുന്നുണ്ടോ ആ കല്ല്. എന്താ അതിന്റെ പേര്? ആവോ… തുമ്പികൾ തുള്ളിക്കളിക്കുന്നത് കണ്ടോ മരിച്ച് പോയവരുടെ ആത്മാക്കളാണ്….. നമ്മളൊരുപാട് നടന്നിരിക്കുന്നു അല്ലേ……. ദാ ആ മേച്ചിൽപ്പുറങ്ങളിലൂടെ നടക്കുന്നവനെ കണ്ടോ അവന്റെ പേര് ഗോവിന്ദൻ കുട്ടി, അവൻ ഒരു യാത്ര പോകുകയാണ് തിരിച്ചുവരാനായി എങ്ങോട്ടോ…… കണ്ണ് കാണാത്ത പൂച്ചേനേം കൊണ്ട് കറങ്ങാനിറങ്ങിയ ദേ ഈ മനുഷ്യനെ കണ്ടുമുട്ടിയാൽ അതൊരു ചരിത്ര സംഭവം തന്നെയായിരിക്കും. ആർക്കറിയാം…. ദാ ആ കൊട്ടാരം കണ്ടോ അവിടുത്തെ രാജാവ് ഒരൊന്നൊന്നര പുള്ളിയാണ് പക്ഷെ ആ സിംഹാസനത്തിന് നമ്മടെ ക്ലോസെറ്റിന്റെ ഷേപ്പില്ലേ?……”

അവളുടെ വാക്കുകൾക്ക് കാതോർത്തുകൊണ്ട് അവളുടെ കാഴ്ചകളെ കണ്ടുകൊണ്ട് ഹർഷൻ വെറുതെ കിടന്നു. അപ്പോഴേക്കും തന്റെ ശരീരം നിറമുള്ള ഒരു കഥ കൊണ്ട് നിറഞ്ഞിരുന്നു. നീലയും പച്ചയും മഞ്ഞയും കറുപ്പും വെളുപ്പും അങ്ങനെ പേരറിയുന്നതും അറിയാത്തതുമായ കുറേ നിറങ്ങൾ. ചായക്കൂട്ടുകൾ മേശപ്പുറത്ത് വെച്ച് അർഥനഗ്നയായ അവൾ പറഞ്ഞു :
” നിയെനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല ക്യാൻവസാണ്. “
അവൾ പ്രൌഢ ഗംഭീരമായി ചിരിച്ചു. തന്റെ മുടിയിൽ അലസമായി തലോടിക്കൊണ്ടവൾ ഹർഷന്റെയരികിൽ കിടന്നു. അവന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു :
“ഞാൻ പറഞ്ഞില്ലേ നഗ്നത മറയ്ക്കാൻ തുണിയുടെ ആവശ്യമില്ലെന്ന്. നിയിപ്പോൾ നഗ്നനല്ല.
ഹർഷൻ…….. Nudity is nudity “

 

 

Sherin Pulikkal is a 22 year old girl from Cochin. She is a post graduate student in commerce. Apart from being a bibliophile she loves art, and politics. She is a person who wants to talk to the society through her works.
Sherin Pulikkal
Writer
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x