107 Views

പ്രണയത്തിന് വേലി കെട്ടരുത്

പ്രണയം കടൽ പോലെ പരന്നതും,അതുപോലെ നിഗൂഢവുമായൊരു സെറ്റപ്പാണ്. കവികളും സിനിമാക്കാരും ചിത്രം വരക്കാരും പലതരത്തിൽ പാടിയും, എഴുതിയും വരച്ചും വെച്ചിട്ടുണ്ടെങ്കിലും പ്രണയം എന്തൊരു കുന്തമാണെന്ന് ഒരു മനുഷ്യനും അറിഞ്ഞൂട. നിർവചിക്കാൻ ആവാത്തതിനപ്പുറം പരന്നുകിടക്കുന്ന നിഗൂഢമായ ഒരു വട്ട് എന്നൊക്കെ അലങ്കാരത്തിൽ പറയാം

പ്രണയം എന്ന ഹെർക്കൂലിയൻ ചുറ്റിക വെട്ടി ഏൽപിക്കുന്ന മുറിവ്,പ്രണയം ഒഴുക്കി വിടുന്ന അത്യാനന്ദത്തിന്റെ അറ്റം. പ്രണയത്തിന് മാത്രം വെച്ച് നീട്ടാവുന്ന ഒന്നും ഇല്ലായിമയുടെയും, ഒറ്റപ്പെടലിൻ്റെയും കൊടും കൊടും കാടുകൾ, എന്നതിലൊക്കെ അപ്പുറം പ്രണയം ഒളിപ്പിച്ച് കെടത്തുന്ന ഒരു സാധനമുണ്ട് “പൊളിറ്റിക്സ്”.

 

പ്രണയത്തിൻ്റെ സ്വഭാവം തന്നെ ഒഴുക്കാണ് ഒന്നിലും തടയാതെ സുന്ദരമായി ഒഴുകുക എന്നാണ്. എന്നാൽ ചിലർ അതിനെ പലതുംവെച്ച് കെട്ടിനിർത്താൻ നോക്കുന്നു, ചവിട്ടി താഴ്ത്താൻ നോക്കുന്നു. 

ജാതി, മതം, ലിംഗം,നിറം,വർഗ്ഗം എന്നിങ്ങനെ പേരുള്ള പടുകൂറ്റൻ മതിലുകൾ പണിയുന്നു.എന്നാൽ പ്രണയം അതൊന്നും കൂസാതെ അസ്സലായി ഒഴുകികൊണ്ടേ ഇരിക്കുന്നു.

പ്രണയം; പറഞ്ഞാൽ കേൾക്കാത്ത ഒരു കൊച്ചു കുട്ടിയാണ്. അതിന് സമൂഹത്തിൻ്റെ നിയമങ്ങൾ ഒക്കെ പാലിക്കാൻ ബുദ്ധിമുട്ടാണ്.

 

 ഒരു ജാതിക്കാരന് അതേ ജാതിക്കാരനോടും, ഒരേ നിറത്തിലും വർഗത്തിലും ഉള്ളവർക്ക് അതേ നിറത്തിലും വർഗത്തിലും ഉള്ളവരോടും,ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമേ തോന്നാവൂ എന്നൊക്കെ പറഞ്ഞാൽ പ്രണയം പോയി പണിനോക്കാൻ പറയും. സമൂഹം കീ കൊടുക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന റോബോട്ടൊന്നും അല്ലല്ലോ പ്രണയം.

 

 ഇവിടെ ആണുങ്ങൾക്ക് 

 ആണുങ്ങളോടും,പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളോടും , ആണിലോ പെണ്ണിലോ ഒന്നും അടയാളപ്പെടുത്താൻ ആവാത്ത ഭിന്നലിംഗരായ മനുഷ്യർക്ക് ആണുങ്ങളോടും പെണ്ണുങ്ങളോടും തിരിച്ചും ഒക്കെ പ്രണയം തോന്നാം. 

 

ഇവിടെ താഴ്ന്ന ജാതിക്കാരന് മേൽജാതിക്കാരനോടും,വെളുത്തവന് കറുത്തവനോടും, മെലിഞ്ഞവന് തടിച്ചവനോടും,കണ്ണ് കാണാത്തവന് കാണുന്നവനോടും,കൈകാലുകൾ ഇല്ലാത്തവനോടും, ഉയരം കൂടിയവനോടും,കാശുള്ളവന് കാശില്ലത്തവനോടുമൊക്കെ ഒരന്തവും ഇല്ലാതെ പ്രണയം തോന്നും. 

 

ചില മനുഷ്യർക്ക് അങ്ങനെ ഒരാളെ മാത്രം പ്രണയിക്കാനൊന്നുമാവില്ല. അവരവരുടെ പ്രണയം വീതിച്ച് പലരേയും ഒരുമിച്ച് പ്രണയിക്കും. പ്രണയമെപ്പോഴും രണ്ടുമനുഷ്യന്മാർ തമ്മിൽ ഉള്ളതല്ല; മൂന്നും,നാലും അതിൽ കൂടുതൽ മനുഷ്യന്മാരും പരസ്പരം സ്നേഹിക്കുന്നതും പ്രണയമാണ്.

 

ഒരാളെ മാത്രം സ്നേഹിക്കാൻ കഴിയുന്ന മനുഷ്യൻ,ഒരു മനുഷ്യനേയും ആ മനുഷ്യൻ ഇയാളെയും വേറെ മനുഷ്യരേയും അറിഞ്ഞുകൊണ്ടും പറഞ്ഞുകൊണ്ടും പ്രണയിക്കുന്നതും പ്രണയമാണ്.

 

ചില മനുഷ്യർക്ക് ആണിനോടോ പെണ്ണിനോടോ,ഭിന്നലിംഗക്കാരോ എന്നിങ്ങനെ തുടങ്ങിയ ഏതെങ്കിലും ഒരു ലിംഗക്കാരോട് മാത്രമല്ല പ്രണയം അവർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാനാവും ചിലർക്ക് ഒന്ന് തൊടാതെയോ, ചുംബിക്കാതെയും മനസ്സുകൊണ്ട് മാത്രം പ്രണയിക്കാനാവും 

 

ചിലർക്ക് തന്നെ ഒന്നിലും അടയാളപ്പെടുത്താൻ ആകില്ല തൊന്നിയവരോടൊക്കെ തോന്നിയപോലെ പ്രണയം തോന്നും.

ചിലർക്ക് ആരോടും പ്രണയമേ തോന്നില്ല.

 

പ്രണയം ബാക്കിയെല്ലാത്തിൽ നിന്നും ജനലുകളും വാതിലുകളും കൊട്ടിയടച്ച ഒരു മുറിയാണ് അത് വേറെ ഒന്നിനേയും കാണുന്നോ കേൾക്കുന്നോ അനുസരിക്കുന്നും ഇല്ല:

 മാധവിക്കുട്ടി പറഞ്ഞത് പോലെ “മറ്റൊന്നിനേയും തൊട്ടുരുമ്മി കൊണ്ടല്ല പ്രണയം നിലനിൽക്കുന്നത് അത് കലർപ്പില്ലാത്ത കൂട്ടുകെട്ട് ഇല്ലാത്ത ഏകാന്തമായ ഒന്നാണ് അത് ശുദ്ധമാണ്. അതിന് മറ്റൊരു പാഠവും പഠിക്കേണ്ടതില്ല”.

 

കൊന്നിട്ടും, കൊലവിളിച്ചിട്ടും കുഴിച്ചുമൂടിയിട്ടും ഒരു കാര്യവുമില്ല. പ്രണയിക്കുന്ന മനുഷ്യരെ മാത്രമേ നിങ്ങൾക്ക് കൊല്ലാനാകൂ പ്രണയത്തിനെ കൊല്ലാനോ കുഴിച്ചിടാനോ പോയിട്ടൊന്ന് തോണ്ടി നോക്കാൻ കൂടിയാവില്ല. അതുകൊണ്ട് ആര് ആരെ വേണേലും പ്രണയിച്ചോട്ടെ

എത്ര വേണെങ്കിലും എത്ര കാലം വേണെങ്കിലും പ്രണയിച്ചോട്ടെ ഇറങ്ങി പോരണമെന്ന് തോന്നുമ്പോൾ ഇറങ്ങി വരട്ടെ, പ്രണയം തോന്നുന്നവരൊക്കെ പ്രണയിച്ചോട്ടെ.നിങ്ങൾ വേലി കെട്ടിയാലും ഇല്ലെങ്കിലും ഇവിടെയുള്ള മനുഷ്യരൊക്കൊ അന്തസ്സായി പ്രണയിക്കും, നിങ്ങളും നിങ്ങളറിയാതെ പ്രണയിക്കും.

ഇതൊന്നും നമ്മടെ കയ്യിൽ നിൽക്കുന്ന കാര്യങ്ങൾ അല്ലല്ലോ.

പ്രണയത്തിന് വരമ്പിടുന്നത് അനന്തമായ കടലിനു വേലി കെട്ടുന്നത് പോലെയാണ്.

ഒഴുക്ക് നിർത്താനാവാത്ത പുഴ പോലെയാണ് പ്രണയം. 

നിങ്ങൾ ഏതൊക്കെ വേലികൊണ്ട് അതിനെ തടഞ്ഞുനിർത്തിയാലും ഏതൊക്കെ വെയിലുകൊണ്ട് അതിനെ വറ്റിക്കാൻ നോക്കിയാലും അത് പൊട്ടിച്ചെറിഞ്ഞ് ഒഴുകുക തന്നെ ചെയ്യും.

Archa Kalyani
Writer
0
Would love your thoughts, please comment.x
()
x