122 Views

കല്ലുപ്പ് ചായ

ഏലക്കയയുടെ മണമുള്ള നല്ല ചൂടൻ ചായയുടെ മണം അടുക്കള മുഴുവൻ നിറഞ്ഞു. കുട്ടിക്കൂട്ടമെല്ലാം അവിടെയും ഇവുടെയും ഒളിഞ്ഞും തിരിഞ്ഞും പലഹാര പാക്കറ്റുകളിൽ നോക്കി കൊതിയോടെ നില്കുന്നുണ്ട്. കാലാകാലങ്ങളായി അലമാരയിൽ സ്ഥാനം പിടിച്ച ഡിസൈൻ ഗ്ലാസുകൾ പൊടി തട്ടി കഴുകി വൃത്തിയാക്കി വച്ചിട്ടുണ്ട്.

 

“അമ്മായി ചെക്കന്റെ അച്ഛന് ഷുഗർ ഉണ്ടെന്ന ബ്രോക്കർ പറഞ്ഞേ…. പഞ്ചസാര ഇടാതെ ഒരെണ്ണം മാറ്റി വച്ചേക്ക് “

 

രമ്യയുടെ വല്യച്ഛന്റെ രണ്ടാമത്തെ മകൾ, രണ്ടു പേരും സമപ്രായക്കാർ ആണെങ്കിലും അവളിപ്പോൾ 3 മാസം ഗർഭിണിയാണ്. ബിരുതം പൂർത്തിയാക്കി ഭർത്തൃവീട്ടിൽ  സുഖ ജീവിതം.

 

“കുഞ്ഞോളെ ഒരുക്കം ഏതുവരെ ആയെന്നു നോക്ക്.. ഒരു വൃത്തിക്കും മെനയിലും ഒരുക്ക്…..

 

അമ്മായിമാരും അവരുടെ പുത്രിമാരും ചേർന്ന് തന്നെ ഒരു കല്ല്യാണ വീടു പോലെ അലങ്കരിച്ചു വച്ചേക്കുന്നത് കണ്ടു രമ്യക്ക് ചിരി വന്നു. കയ്യിലെ തടവളയെക്കാൾ വലിയ കമ്മലും ശ്വാസം മുട്ടുന്ന പോലെ കുടുക്കിയ മാലയും.

 

“ന്റെ പൊന്നു അമ്മായിമാരെ പെങ്ങന്മാരെ…. നിങ്ങൾ ഇങ്ങനെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കല്ലേ…കണ്ടിട്ട് എനിക്ക് തന്നെ പേടിയാകുന്നു….

 

തലയിൽ കുത്തി നിറച്ച ഈർക്കിൽ ക്ലിപ്പുകൾ ഓരോന്ന് മെല്ലെ വലിച്ചു അവൾ നെടുവീർപ്പിട്ടു

 

“നീ ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട ഇവിടെ ഇരുന്ന് തന്നാൽ മതി…

 

അവർ പിന്നെയും സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല.

ഒരു പെണ്ണുകാണാലിനോ കല്യാണത്തിനോ

അവൾ ഇപ്പോളും തയ്യാറയിരുന്നില്ല. പ്രായമായി വരുന്നുവെന്നും നല്ല ആലോചനയാണെന്നും ബ്രോക്കർ പറഞ്ഞ വിവരങ്ങൾ കൂട്ടിയും കിഴിച്ചും അച്ഛൻ തന്നെ തീരുമാനിച്ചു  ഇനിയൊരു കല്യാണമൊക്കെ രമ്യക്കാകാമെന്ന്.

 

ആദ്യമെല്ലാം ജോലിയാവട്ടെ, ചെറുപ്രായമാണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. വിഷൽ ആർട്ടിസ്റ് ആയി ജോലിക്കു കയറിയിട്ടു 5 മാസം ആകുന്നു. കഴിഞ്ഞ തുലാമിൽ  24 തികഞ്ഞതും അവൾക്കൊരു വിനയായി. അമ്മ എപ്പോളും പറഞ്ഞിരുന്നത് പെൺകുട്ടികൾ അധികം കാലം ചെയ്യാത്ത ജോലിയാണ് ആവളുടേത്തെന്നു. ഭദ്രമായ ജോലിയും 4 ടയർ വണ്ടിയും ഉണ്ടെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്കും ആലോചന നന്നേ ഇഷ്ടപ്പെട്ടു.

 

“കുഞ്ഞോളെ ഉപ്പകല്ല് ഇട്ടു ഒരു ചായ ഇങ്ങോട്ട് എടുത്തേടി…ഒരിറ്റു വെള്ളം കുടിക്കാൻ സമ്മതിച്ചിട്ടില്ല…

 

അന്നേ ദിവസത്തെ ക്ഷീണവും മടുപ്പും മുഴുവൻ രമ്യയുടെ മുഖത്ത് കാണാമായിരുന്നു

 

“ഇനി അതിനൊന്നും നേരമില്ല…. അവരിങ്ങു വന്നു…അവർക്ക് കൊടുത്തിട്ട് ബാക്കി ഉണ്ടേൽ നോക്കാം…പെണ്ണ് ഉപ്പിട്ടെ കുടിക്കു…. ഓരോരോ പ്രാന്ത്….

 

കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന കുഞ്ഞേലി അമ്മായി സ്വല്പം ദേഷ്യത്തിലാണ്. അച്ഛൻ ഒരു പാട് പറഞ്ഞപ്പോൾ ഒരു പെണ്ണ് കാണൽ നടത്തി കളയാം എന്ന് തോന്നി രമ്യ ആദ്യം പറഞ്ഞത് പുറത്തു ഏതെങ്കിലും ഒരു കഫെയിൽ ചായ കുടിച്ചു പരിചയ പെട്ടു പിന്നീട് വീട്ടുകാരുമായി കൂടികഴ്ച നടത്താം എന്നായിരുന്നു. കുടുംബത്തിൽ പിറന്ന കുട്ടികൾ തല മൂത്തവരുടെ കണ്മുന്നിൽ വച്ചാണ് ആദ്യം കാണേണ്ടത് എന്നൊരു വാശിയുള്ള കൂട്ടത്തിൽ ആണ് കുഞ്ഞേലി അമ്മായി. വീട്ടിൽ ഇത്രയും ആളുകൾ കൂടിയതും അവരുടെ നിർബന്ധ പ്രകാരം ആയിരുന്നു .

 

കാണാൻ വന്നവരുടെ മുന്നിൽ പോയി നിന്നപ്പോൾ പണ്ട് കൂട്ടുകാരികളെ കളിയാക്കിയത് അവൾക് ഓർമ വന്നു. താനും അതുപോലൊരു കാഴ്ച വസ്തുവായി നിൽക്കേണ്ടി വന്നതോർത്തു ചിരി വന്നു. ആ ചിരിയങ്ങു ചുണ്ടിൽ ഒട്ടിച്ചു ചെക്കനും കൂടെ വന്നവർക്കും പലഹാരം വച്ചു നീട്ടി.

 

“മോൾടെ ജോലിയൊക്കെ നന്നായി പോകുന്നുണ്ടോ….

 

ചെക്കന്റെ അച്ഛനായിരുന്നു ആദ്യം ചോദിച്ചു തുടങ്ങിയത്. ഉത്തരം പറയും മുന്നേ അമ്മയുടെ മറു ചോദ്യം.

 

“രാവും പകലും മാറിമാറി ജോലി ചെയുമ്പോൾ വയ്യാതെ ആകും ലെ…ഇതങ്ങു ഉറച്ചു കഴുഞ്ഞാൽ പിന്നെ ഈ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകില്ല ഹരി തന്നെ

നോക്കിക്കോളും  അല്ലെ…..

 

എല്ലാവരും അതിനു സമ്മതമെന്നോണം ചിരിച്ചപ്പോൾ അവളുടെ മുഖത്തുനിന്നും ഇത്രയും നേരം ഉണ്ടായിരുന്ന ചിരി മെല്ലെ മാഞ്ഞു പോയി.

 

“സർക്കാർ ഉദ്യോഗോ ഡോക്ടർ പണിയോ ഒന്നും അല്ലാലോ….. അല്ലേലും ഇതൊന്നും  ഒരുപാടു നാളു ആയുസില്ല. ഒരു കുഞ്ഞായാൽ പിന്നെ പണിയൊന്നും വേണ്ട എന്ന് ഇവൾ തന്നെ പറഞ്ഞു തുടങ്ങും…എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ……..

 

കുഞ്ഞേലി അമ്മായി തീയിൽ എണ്ണയൊഴിച്ചത് പോലെ പറഞ്ഞു തീർന്നതും അതൊരു കൂട്ട ചിരിയായി അവിടെ മൊത്തം ആളികത്തി. സ്വപ്നം കണ്ടൊരു ജീവിതം അവിടെ വച്ചു തീർന്നു പോകുമോ എന്നോരു പേടി അവൾക്കുള്ളിൽ കേറി. ജോലി നേടിയത് പാതിവഴിയിൽ ഉപേക്ഷിക്കാനായിരുന്നില്ല, നല്ല പാതിയായി ചേരുന്നവന്റെ ചിലവിൽ ജീവിച്ചു പോകുവാൻ ആശയും തോന്നിയിട്ടില്ല. ലക്ഷ്യമില്ലാതെ കണ്ണുകൾ ചലിച്ചതും ഉള്ളം കൈയിൽ വിയർപ് പൊടിഞ്ഞതും അവളറിഞ്ഞില്ല.

 

“ഏയ് രമ്യ…മോളെ അവനു നിന്നോട് തനിയെ സംസാരിക്കാനുണ്ടെന്നു നോക്കി നിക്കാതെ അങ്ങോട്ട് ചെല്ല് കുട്ടി…

 

മറ്റേതോ ലോകത്തു നിന്നും പെട്ടന് ഭൂമിയിലേക്ക് പതിച്ചതിന്റെ ഞെട്ടലിൽ അവളും ബാൽകണിയിലേക്ക് നടന്നു. അവർ ഒറ്റകായപോളായിരുന്നു ഹരിയെ ശരിയായി ശ്രദ്ധിച്ചു തുടങ്ങിയത്. ചെറുതായൊന്നു പുരികം ചുളിച്ചു അവൾക്കു  നേരെ തിരിഞ്ഞു നിന്നു.

 

“രമ്യ തനിക്കി ഈ ആലോചന താല്പര്യമുണ്ടോ…മുഖത്തൊരു സന്തോഷ മില്ലാത്തതു പോലെ……..

 

തിളക്കമില്ലാത്തൊരു ചിരിയോടെ അവളു മറുപടി പറഞ്ഞു

 

“ഒരു വിവാഹമൊന്നും ഇപ്പോൾ എന്റെ മനസ്സിൽ ഇല്ലായിരുന്നു…. വീട്ടുകാർക്കെല്ലാം ഒരു പാട് ഇഷ്ടമായിട്ടുണ്ട്…….

 

കണ്ണിൽ നോക്കാതെയുള്ള അവളുടെ നിൽപ്പും നെടുവീർപ്പും കണ്ടതോടെ ഹരിക്ക് ചിരി വന്നു.

 

“ജോലിയുടെ കാര്യം പറഞ്ഞപ്പോൾ തന്റെ മുഖത്തെ മാറ്റം ഞാൻ ശ്രദ്ധിച്ചു……രമ്യ ജോലിക്കു പോകരുതെന്ന് ആരും തന്നോട് പറയില്ലെടോ…പക്ഷെ ഇതിപ്പോൾ ഒരു കല്യാണം പോലും താൻ അടുത്തൊന്നും പ്രതീക്ഷിക്കുന്നില്ലലോ………

 

എന്ത് പറയണമെന്ന് അറിയാതെ കുനിഞ്ഞു പോയ അവളുടെ മുഖത്തിനു നേരെ ഹരി കുനിഞ്ഞു നോക്കി

 

“എടൊ എനിക്കി ഒരു പിയാനോസ്റ് ആവണമെന്നായിരുന്നു ആഗ്രഹം……ഇപ്പോൾ നേവിയിൽ ചേർന്നു നല്ലൊരു ശമ്പളം വാങ്ങുന്നുണ്ട്……ചിലപ്പോളൊക്കെ തോന്നും ഏതെങ്കിലും ചെറിയൊരു ബാൻഡ് ന്റെ ഭാഗമായിരുന്നെങ്കിൽ ഇതിനേക്കാൾ സന്തോഷത്തോടെ  ഇരുന്നേനെ…. വീട്ടിക്കാർക്കൊന്നും അതിൽ താല്പര്യം ഉണ്ടായിരുന്നില്ല….

 

അവന്റെ വാക്കുകളിലെ നഷ്ട ബോധം എളുപ്പം വായിച്ചെടുക്കാം…അകലങ്ങളിലേക്ക് നോട്ടമേറിഞ്ഞ കണ്ണുകൾ  ആ ആഗ്രഹം എത്രയോ തീവ്രമായിരുന്നു എന്ന് വിളിച്ചു പറഞ്ഞു.

 

വന്നവരെല്ലാം പോയിക്കഴിഞ്ഞു തല മൂത്തവരും അച്ഛനും ഒരു വട്ടമേശ സമ്മേളനം തന്നെ നടത്തി. അടുക്കളയിൽ ഒരു കപ്പ് ചായ തിളപ്പിച്ച ഇറക്കി വച്ചു അവൾ പഞ്ചസാര പത്രത്തിലേക്കും ഉപ്പു പത്രത്തിലേക്കും നോക്കി. പോകാൻ നേരം ഹരി പറഞ്ഞ വാക്കുകൾ അവൾ ഒരിക്കൽ കൂടെ ഓർത്തു

 

“എടൊ ജീവിതം തന്റെതാണ്.. തീരുമാനങ്ങളും തന്റേത് തന്നെ വേണം….

 

അരിപ്പ വച്ചു ചായപ്പൊടി മാറ്റി എല്ലാവും പ്രിയപ്പെട്ട ഗ്ലാസ്സിലേക്ക് ചായ പകുത് ഒരു സ്പൂൺ പഞ്ചസാരയും കലക്കി

 

“മോളെ അവരോടു എന്ത് പറയണം…ഇതങ്ങു ഉറപ്പിക്കട്ടെ….

 

ചായ ഗ്ലാസിൽ നിന്നും സ്പൂൺ മാറ്റി ഒരു ചെറിയ കല്ലുപ്പ് നോക്കി അവൾ ചായയിലേക്ക് ഇട്ടുകൊടുത്തു.

 

“‘അമ്മ…. അച്ഛനോട് എനിക്കി സമ്മതമല്ലെന്നു പറഞ്ഞേക്ക്……ജോലിയിൽ ശ്രദ്ധിക്കണം അമ്മേ കല്യാണം പിന്നെ ആലോചിക്കാം………

 

കുഞ്ഞേലി അമ്മായിയുടെയും മറ്റു തല മൂത്തവരുടെയും മുറു മുറുപ്പുകൾ വീട്ടിൽ കൂടി വന്നുകൊണ്ടേ ഇരുന്നു. ഏച്ചു കേട്ടലുകൾ ഇല്ലാത്ത ഒരു പുഞ്ചിരിയോടെ അതൊന്നും കാര്യമാക്കാതെ അവളാ ചായ ആസ്വദിച്ചു കുടിച്ചു.

Aiswarya Das is an aspiring writer from Palakal, Thrissur . She is a strong voice for the oppressed, also who loves to present the pain and tribulations followed by them. And she firmly believes that words are the stepping stone to change
Aiswarya Das
Writer

How useful was this post?

Click on a star to rate it!

Average rating 4.3 / 5. Vote count: 11

No votes so far! Be the first to rate this post.

0
Would love your thoughts, please comment.x
()
x