80 Views

പൗരുഷം എന്ന മുൾകിരീടം

ഒരു ബലമേറിയ കയർ കയ്യിലേന്തിയ അയാൾ അതിലെ കുരുക്കിലൂടെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി. പൗരുഷ മേധാവിത്വ സങ്കൽപ്പങ്ങൾ അടിച്ചേൽപ്പിച്ചു നഷ്ടമായ ബാല്യത്തിന്റെ നിഷ്കളങ്കത, കലുഷിതമായ യൗവനം അങ്ങനെ പ്രതീക്ഷകളുടെ കൂമ്പാരമായിരുന്ന ആ ജീവിതത്തിൽ സ്വയം സന്തോഷം കണ്ടെത്തുവാൻ അവൻ മറന്നിരിക്കുന്നു , അല്ല സമൂഹം അവനെ അങ്ങനെ ആക്കിയിരിക്കുന്നു. അതെ , ആഗോള സമൂഹം ഒരു പുരുഷന് നൽകിയിരുന്ന മേധാവിത്വപരമായ ഘടകങ്ങൾ അവനൊരു ഭാരം തന്നെ. തന്റെ ഓരോ വികാര വിചാരത്തെയും അടിച്ചമർത്തിയ അവൻ അന്നറിഞ്ഞിരുന്നില്ല താൻ മാനസികമായി മരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന്. സമൂഹം ചാർത്തി കൊടുത്ത പൗരുഷ ഘടകങ്ങൾ അവനെ കാർന്നു തിന്നിരിക്കുന്നു. അതിന്റെ ഭാരം അവനു താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അടിച്ചമർത്തപ്പെട്ട വികാരങ്ങൾക്കും സമൂഹമെന്ന ചക്രവ്യൂഹത്തിന് മുന്നിലും നിസ്സഹായനായ അഭിമന്യുവാകാനായിരുന്നു അവന്റെ വിധി. ആടിയുലഞ്ഞ അവന്റെ മനസ്സിലെ നിസ്സഹായതയെ കണ്ണടച്ചു തള്ളുക മാത്രമാണ് മാത്രം ആണ് ലോകം ചെയ്തത്. അട്ടഹസിക്കുന്ന പൗരുഷ മേധാവിത്വ ചിന്തകൾ അവനെ വേട്ടയാടികൊണ്ടിരുന്നു.എന്തിനേറെ അവന്റെ ഹൃദയത്തിലെ മുറിവുണക്കാൻ ശ്രമം നടത്തേണ്ടതിനു പകരം ലോകം അവന്റെ ഹൃദയത്തെ വീണ്ടും വീണ്ടും കുത്തി നോവിച്ചു. അവനിലെ ഓരോ വികാരങ്ങളും ആ മുറിവിൽ നിന്നും വന്ന രക്തത്തോടൊപ്പം ശരീരത്തിൽ നിന്നുമൊലിച്ചുപോയിരിക്കുന്നു

ആ ഹൃദയ വേദന കടിച്ചമർത്തുക എന്നതല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല. വേദന പ്രകടിപ്പിക്കൽ സ്ത്രൈണതയാണെന്ന സമൂഹത്തിന്റെ പരിഹാസത്തെ അവൻ ഭയന്നു. നിലാവിന്റെ ശാന്തതയ്ക്ക് പോലും അവന്റെ മനസിനെ ആശ്വസിപ്പിക്കാനായില്ല. അതിന്റെ കുളിർമ അവന്റെ മനസിനേറ്റ മുറിവിനുള്ള ലേപനമായില്ല. അവന്റെ മനസ്സ് കടൽ പോലെ പ്രക്ഷുബ്ദമായിരുന്നു. അടക്കിപ്പിടിച്ച വികാരങ്ങളാകുന്ന തിരകൾ അവന്റെ മനസ്സിൽ ആഞ്ഞടിച്ചു , എന്നാൽ പൗരുഷമെന്ന വൻമതിൽ അവയെ കരക്കടുപ്പിക്കാതെ തടഞ്ഞു. തനിക്ക് ചുറ്റും പൗരുഷമെന്ന അഗ്നിഗോളങ്ങൾ നിറഞ്ഞത് അവൻ തന്റെ അകകണ്ണുകൾ കൊണ്ടറിഞ്ഞു. ആ കരാള ഹസ്തത്തിൽ നിന്നും ഒരു മോചനം അതസാധ്യമായിരുന്നു.സമൂഹം കല്പിച്ച പൗരുഷ സങ്കല്പത്തിന്റെ വ്യാളീമുഖത്തിനു മുന്നിൽ വിശ്വസ്തനായ അടിമയായി നിൽക്കുവാനായിരുന്നു അവന്റെ വിധി. അപ്പോഴും തന്റെ മനസ്സിലെ അഗ്നിയ്ക്ക് ശമനം വരുത്തുവാൻ അവനിൽ ഒരു അവസാന പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു , അവനിലെ പ്രണയം. എന്നാൽ വിധി അവിടെയും അവനെതിരായിരുന്നു

 

അതെ ഇനിയൊരു തിരിച്ചു വരവില്ല. അവസാന ആശ്രയമായി കണ്ടിരുന്ന അവന്റെ തുണയാകണമെന്നു ആഗ്രഹിച്ചവളെ,തന്റെ അടക്കിപ്പിടിച്ച ഹൃദയ വേദനയ്ക്ക് അമൃതേകണ്ടവളെ തന്റെ വർഗ്ഗത്തിലെ തന്നേക്കാൾ ശക്തനായ പ്രതിയോഗിയ്ക്ക് അഥവാ പ്രധാന പുരുഷനു മുന്നിലവനു അടിയറവ് വെക്കേണ്ടി വന്നു, കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മാനവ ചരിത്രസൃഷ്ടിയ്ക്ക് മുന്നിൽ അവൻ തലകുനിച്ചു , സമൂഹം കല്പിച്ച ശക്തിയുടെ നിർവചനത്തിനു മുന്നിൽ, ആ മനുഷ്യത്വരഹിതമായ കല്പനയ്ക്ക് മുന്നിൽ അവൻ അമ്പേറ്റു വീണ കർണ്ണനായിരുന്നു. പ്രധാന പുരുഷ സങ്കല്പമൊരു ശരമായി അവന്റെ നെഞ്ചിൽ തുളച്ചു കയറി. അവസാന പോരാട്ടത്തിലും പരാജയത്തിന്റെ കയ്പുനീർ കുടിച്ച അവൻ സ്വയം മനസ്സിലാക്കിയിരിക്കുന്നു സ്നേഹം എന്തെന്നറിയാൻ വെമ്പൽ കൊണ്ടിരുന്ന മനസ്സിലെ വെളിച്ചം തമസ്സിനു വഴിമാറിയിരിക്കുന്നുവെന്ന്.

 

അവസാന പ്രത്യാശ നശിച്ചിട്ടു പോലും രൗദ്രമല്ലാതെ മറ്റൊന്നും പൗരുഷ സങ്കല്പങ്ങളിൽ കല്പിച്ചിരുന്നില്ല, അവന്റെ മനസ്സിനേറ്റ മുറിവുകൾ പോലും രൗദ്ര ഭാവമുള്ള ദുര്യോധനന് സമമായിരുന്നു. കരഞ്ഞു കഴിഞ്ഞാൽ ഇടിഞ്ഞു വീഴുന്ന പൗരുഷ സങ്കല്പം അവനെ ഒരു യന്ത്രമനുഷ്യനാക്കി തീർത്തിരിക്കുന്നു. രൗദ്രമല്ലാത്ത മറ്റൊരു വികാരമില്ലാതെ സമൂഹം നിശ്ചയിച്ച കാര്യങ്ങൾ മാത്രം ചെയ്യുന്ന ഒരു യന്ത്ര മനുഷ്യൻ.യാന്ത്രികമായ ചലനങ്ങൾ മാത്രമുള്ള മനസുകൊണ്ട് മരണമടഞ്ഞ അവനിനി ജീവിതമാകുന്ന കളിയരങ്ങിലേത് രൗദ്ര കഥാപാത്രമായി ആടണമെന്നു നിശ്ചയമില്ല. അല്ല. സമൂഹത്തിന്റെ ചരടിലാടിയ ആ കളിപ്പാവയായ ജന്മത്തിന് ഇനിയീ കളിയരങ്ങിൽ വേഷമില്ല , സ്ഥാനവുമില്ല. ആടി തിമിർത്ത അവസാനത്തെ രൗദ്ര വേഷവും അഴിച്ചു വെച്ച് തന്റെ ജീവനടുക്കുന്ന കുരുക്കിനെ അവസാനമായി അവൻ നോക്കി. ആ കുരുക്കെങ്കിലും തന്റെ വികാരത്തെ മനസിലാക്കിയെന്ന ആശ്വാസത്തോടെ മരണം എന്ന രംഗബോധം ഇല്ലാത്ത കഥാപാത്രത്തിന്റെ വരവിനായി അവൻ കാത്തിരുന്നു , പുരുഷന്മാർക്കും വികാരങ്ങൾ ഉണ്ടെന്ന മഹത്തായ സന്ദേശവുമായി.

Jijin R Jayan is an aspiring diplomat from Malappuram district , Kerala. He is interested in discussing international relations. He completed his graduation in political science from Hindu college Delhi university
Jijin R Jayan
Writer

How useful was this post?

Click on a star to rate it!

Average rating 3.7 / 5. Vote count: 3

No votes so far! Be the first to rate this post.

0
Would love your thoughts, please comment.x
()
x