76 Views

യുദ്ധമുറ

മഴക്കാലമാണ്.. കുട്ടനാടിന്റെ ചെളി കലങ്ങിയ വെള്ളം ഇടവഴികളിലും മുറ്റത്തും മാത്രമല്ല വീടിന്റെ ഓരോ മൂല വരെയും കയറും. കോരിച്ചൊരിയുന്ന മഴയുടെ ആക്കമൊന്നു കുറയാൻ പടിയിൽ തന്നെ നിൽക്കുകയാണവൾ.മഴയുടെ തണുപ്പിലും മരവിപ്പിന്റെ സുഖത്തിലും അയൽ വീട്ടിൽ ഉറക്കമില്ലാതെ കഴിച്ചു കൂട്ടേണ്ടി വരുന്ന ഗതികേടിനു  ഭദ്ര ആരെയൊക്കെയോ ശപിച്ചു.

       തട്ടിക്കൂട്ടിയതാണെങ്കിലും ഇഷ്ടിക കൊണ്ടുള്ള വീട് ആ പ്രദേശത്തു അവർക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചാണകം മെഴുകിയ വീടിന്റെ വിശാലമായ അടുക്കളയിലാണ് ഭദ്രയും അഞ്ചു ചേച്ചിമാരും കിടന്നുറങ്ങിയിരുന്നത്. രണ്ടു മുറിയുള്ളതിലൊന്നിൽ അച്ഛനുമമ്മയ്ക്കും കിടക്കാൻ ഒരു കയറ്റുകട്ടിലുണ്ട്. മറ്റേതിൽ എണ്ണ വിളക്കുകളുടെ പൂപ്പലടിച്ച ഗന്ധവും ചന്ദനത്തിരികളുടെയും കർപ്പൂരത്തിന്റെയും മറ്റും തീക്ഷണമായ സുഗന്ധവും നിറഞ്ഞു നിന്നു. അവരുടെ വീടിന്റെകിഴക്കേയറ്റം പരദേവത കുടിയിരിയ്ക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കാവാണ്.കീഴവഴക്കമെന്നോണം ഭദ്രയുടെ അച്ഛൻ വിശേഷദിവസങ്ങളിൽ വെളിച്ചപ്പാടായി വേഷമിടുന്നു.നടു കഴച്ചു വരുന്ന പണിയാളർ അവരുടെ ദൈവങ്ങളെ ചുറ്റി വരുന്ന കാറ്റേറ്റ് വേദന മാറുന്നുവെന്ന് അത്ഭുതപ്പെട്ടു.പക്ഷേ ദൈവം മുറ്റത്തു കാവലുണ്ടായിട്ടും അതിന്റെ പേരിൽ തന്നെ ആറു സഹോദരിമാർക്കും മാസത്തിലെട്ടു ദിവസം അശുദ്ധരായി അയൽവക്കങ്ങളിൽ ചുരുണ്ടുകൂടേണ്ടി വന്നു. സഹികെട്ടു ഭദ്ര തന്നെ വീടിനരികെ ചെറ്റ കൊണ്ടൊരു മറ തീർക്കുന്നതുവരെ ഇതു തുടർന്നു. ഇതൊക്കെ എന്തിനെന്ന് വിളിച്ചു ചോദിയ്ക്കാൻ നെഞ്ചിലാരോ ധൃതി കൂട്ടുന്നതുപോലെ അവൾക്ക് തോന്നി.

  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കുട്ടനാടിന്റെ ഗതി നിർണയിച്ച കാലഘട്ടമായിരുന്നു അത്. അടിയുടെയും ചോരയുടെയും പാട് നിറഞ്ഞ കറുത്ത ശരീരങ്ങൾ ദഹിച്ചമണ്ണിൽ പുതിയ തലമുറ സ്വാതന്ത്ര്യം അനുഭവിച്ചു. രാപ്പകലധ്വാനം മാറി തൊഴിലാളികൾ അഞ്ചു മണിക്കൂർ പണിതാൽ മതിയെന്നായി. സ്വാതന്ത്ര്യമുണ്ടെന്നവർ വിശ്വസിച്ചിട്ടും അവരുടെ വിശ്വാസത്തിൽ കലർത്തിയ ആസ്വാതന്ത്ര്യം അവിടെത്തന്നെ വെളുത്ത പാടായി കിടന്നു. താൻ വായിയ്ക്കുന്ന പുസ്തകങ്ങൾ പെണ്മക്കൾക്കും വായിയ്ക്കാൻ കൊണ്ടുവരുമായിരുന്നു ഭദ്രയുടെ അച്ഛൻ. ഒരുപക്ഷെ തുടർന്നുവന്ന വയനാശീലമാവണം വെളിച്ചപ്പാടെന്നത് ഒരു വഴിപാടിന്റെ വിശുദ്ധി പോലും തനിക്ക് തരുന്നില്ലെന്ന് അയാൾക്ക് തോന്നി. പതിയെ പള്ളിവാളും ചിലമ്പും പെട്ടിയിൽ വെച്ച് പൂജിച്ചു. ഭദ്രയുടെ മനസ്സ് മറ്റൊരു വഴിയേയാണു പോയത്.നവോഥാനത്തിന്റെ ചില്ലു വെട്ടത്തിൽ പൊങ്ങിയ ചോദ്യങ്ങൾ അവളുടെ ഹൃദയം മുറിച്ചുകൊണ്ടിരുന്നു.

     പതിമൂന്നു വയസായപ്പോൾ  ഏഴ് രൂപ കൂലിയ്ക്ക് ചേച്ചിമാരോടൊപ്പം അവളും പാടത്തു പണിയ്ക്ക് പോയിത്തുടങ്ങി.കടത്തുകൾ പലതും കടന്നിറങ്ങിയതിനു ശേഷവും ഒന്നരമണിയ്ക്കൂറിനപ്പുറം നടന്നാണ് പാടത്തെത്തുക. മുറയാകുന്ന സമയങ്ങളിലൊക്കെയും വിയർപ്പിന്റെ ഈർപ്പവും നീണ്ട നടത്തവും തുടയുടെ രണ്ടു വശങ്ങളെയും കത്തിയിൽ വരിയുന്നത് പോലെ വരിഞ്ഞിട്ടു.  എന്നിട്ടും ഞാറ്റുപാട്ടിന്റെ താളം എല്ലാ വേദനകളേയും ഊർജ്ജമാക്കി മാറ്റി.തുട വഴി കീഴേയ്ക്കൊഴുകുന്ന രക്തം കൈകൊണ്ടു തുടയ്ക്കും അല്ലെങ്കിൽ അവ രോമവുമായി പിണഞ്ഞൊട്ടി വെള്ളത്തിൽ കലർന്നിറങ്ങും. 

 കൈത്തോട് ചുറ്റിപ്പോകുന്ന വയലിന്റെ ഒരു ഭാഗത്തു നാടിന്റെ പ്രധാന കാളി ക്ഷേത്രമാണ്. ആ വശത്തെ തോടിന്നരികെ  വല്ലാതെ ആമ്പലുകൾ വളർന്നു നിന്നിരുന്നു.അവിടെ നിന്നും വരുന്ന കാറ്റു അവളെ കുത്തി തണുപ്പിച്ചു.മാറ്റേണ്ടി വരുന്ന തുണികൾ ചിലരാ വെള്ളത്തിൽ തന്നെ കഴുകി.ചെളി കഴുകിക്കഴിഞ്ഞു ആ വെള്ളം തന്നെതെളിച്ചു കുടിയ്ക്കുകയും ചെയ്തു. അങ്ങനെ നൂറുകണക്കിനു ആണാളിന്റെയും പെണ്ണാളിന്റെയും വിസർജ്യങ്ങൾ  ഓരോ പാടത്തേയും നെൽചെടികളെയും കരുത്തുറ്റത്താക്കി. അവർ അതു കുത്തി ദേവിയ്ക്കു നിവേദിച്ചു.. ആമ്പൽപ്പൂക്കൾ പറിച് നടയിൽ വെയ്ക്കുകയും ചെയ്തു. അപ്പോൾ മാത്രം നിറവും ചോരയും ഒന്നിനെയും തീണ്ടാരികളാക്കിയില്ല.

       ഇതൊക്ക അവൾക്കു മാത്രമേ  തോന്നിയുള്ളു.. വെളുത്തവൻ തീണ്ടാരികളാക്കിയ മനുഷ്യർ ദൈവം തന്നെ എല്ലാത്തിനേയും പടച്ചതെന്ന തിരിച്ചറിവിൽ സമരം ചെയ്യാൻ പുറപ്പെട്ടു. ദൈവം അണ്ഡകടാഹവും നിറഞ്ഞു നിൽക്കുന്നുവെന്നവർ  ദിനവും ഉരുവിട്ടിട്ടും അവർക്കിടയിൽ പോലും പലതരം തീണ്ടാരികൾ നിലനിന്നതെങ്ങനെയെന്ന് അവൾ സ്വയമേ ആവർത്തിച്ചാവർത്തിച്ചു ചോദിച്ചു. ദൈവമെന്നെ അയിത്തക്കാർക്കിടയിലെ അശുദ്ധവസ്തുവായി സൃഷ്ടിച്ചുവെന്നവൾ വിശ്വസിച്ചില്ല.

        അതുകൊണ്ട് തന്നെ പെണ്ണിനെ പറ്റി കാളിയമ്മയ്ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ലെന്ന് അവൾ ഉറച്ചുവിശ്വസിച്ചു. ആ രൂപത്തിലും കോപത്തിലും തന്റെ ചോദ്യങ്ങൾക്കുള്ള സംതൃപ്തമായ ഉത്തരങ്ങൾ കണ്ടെത്തുകയും ചോര പൂണ്ട ദേഹത്തെ കൊതിയ്ക്കുകയും ചെയ്തു. പിന്നീടൊക്കെ അച്ഛനുപേക്ഷിച്ച പള്ളിവാൾ കാണുമ്പോൾ ഏതോ ഭ്രമംകൊണ്ട് ഉടലാകെ വിറയ്ക്കുന്നത് അവളറിഞ്ഞു. മുറ വന്നു ചോര പൊടിയുമ്പോഴൊക്കെ അവളുടെ കണ്ണുകൾ വിടർന്നുവന്നു. നാവ് അസാധാരണമാം വിധം പുറത്തേയ്ക്ക് വരുകയും കൊമ്പല്ലുകൾ തിളങ്ങുകയുംചെയ്തു. അതുപക്ഷെ ഭയപ്പെടുത്തുന്നതിനു പകരം അവളെ ഒരുപോലെ  വിശുദ്ധയും ശക്തയുമാക്കി.

     ചന്ദനക്കട്ടിലിൽ കിടന്നു പ്രണയിച്ചിട്ടില്ലാത്ത പണിയാളർക്ക് വയലിനു നടുവിൽ വള്ളത്തിലിരുന്നു സ്നേഹിയ്ക്കുവാൻ കഴിഞ്ഞുവെന്നതോർത്തു അവൾ ചിരിച്ചു.. പല ദിവസങ്ങളിലും “സമൂഹമകറ്റുന്നവർ പല തരത്തിൽ ദൈവസങ്കൽപ്പത്തിലലിയുകയും പ്രകൃതിയുടെ ശക്തിയിലഭയം പ്രാപിച്ചു കരുത്തരായിക്കൊണ്ടിരിയ്ക്കുകയും ചെയ്യുന്നവെന്ന്”   പകുതി പെണ്ണും ആണുമായ ഉടലിൽ ഏതോ ശക്തി  ജനക്കൂട്ടത്തിനോട് അരുളുന്നതായി  അവൾ സ്വപ്നം കാണുകയും ചെയ്തു..

Sreelekshmi. S (lekshmi) doing her graduation in malayalam at Sanatana dharma college Alappuzha.She like to read and write to express herselves. Very passionate about dance and its rhythm (music ). She is working hard to find the uniqueness inside her and believe that humanity must be our first politics
Lekshmi
Writer

How useful was this post?

Click on a star to rate it!

Average rating 4.2 / 5. Vote count: 6

No votes so far! Be the first to rate this post.

0
Would love your thoughts, please comment.x
()
x