103 Views

Christmas in Aizawl

ക്രിസ്തുമസ്,  ഒരു വർഷത്തിന്റെ അവസാനത്തെ അധ്യായങ്ങളിൽ ഒന്നാണത്. സ്വാഭാവികമായും ഒരു മുഴുവൻ വർഷത്തിന്റെ ഏറ്റവും അവസാനം സംഭവിക്കുന്ന ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ഒരുത്സവം. നീണ്ട കാത്തിരിപ്പിനൊടുവിൽ ആ സമയത്തെ മനസറിഞ്ഞാഘോഷിക്കുന്ന ഒരു ജനതയുണ്ട് ഇന്ത്യയിൽ. മിസോറാം എന്ന വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ഐസ്വാളിലെ നാട്ടുകാർക്ക് ക്രിസ്തുമസ് എന്നാൽ ഒരു വർഷത്തിലെ ഏറ്റവും വലിയ ആഘോഷമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടാടുന്ന ദീപാവലിയോ, ഹോളിയോ, മറ്റേതൊരുത്സവവുമാകട്ടേ, ഇവർക്ക് സാധാരണ ദിനങ്ങളാണ്. അതുകൊണ്ടു തന്നെ ക്രിസ്തുമസ് മറ്റ് ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് ഇവർക്ക് അത്രയും വേണ്ടപ്പെട്ടതാവുകയുമാണ്. ഡിസംബർ മാസത്തിന്റെ ആദ്യ പകുതിയിൽ തയ്യാറെടുപ്പുകൾ തുടങ്ങി, രണ്ടാം പകുതി മുതൽ ഏറെക്കുറെ ജനുവരിയുടെ ആദ്യ ആഴ്ച വരെ നീണ്ടു നിൽക്കുന്ന ഒരു വലിയ ആഘോഷം തന്നെയാണ് ഇവിടുത്തെ ക്രിസ്തുമസ്.

കേരളത്തോടോ മറ്റേത് സംസ്ഥാങ്ങളോടുമോ താരതമ്യം ചെയ്യുമ്പോൾ ജീവിത ചെലവ് കൂടുതലാണ് മിസോറാമിൽ. അതുപോലെ തന്നെ രാത്രി ജീവിതം അത്രയധികം ആഘോഷിക്കപ്പെടുന്ന ഒരു നഗരവുമല്ല ഐസ്വാൾ. ഈ ജീവിതരീതി ഒരു വർഷം മുഴുവൻ അവർ പാലിച്ചു പോരും, ക്രിസ്തുമസ് എത്തും വരെ. ക്രിസ്തുമസ് ആഘോഷത്തിനായി ഐസ്വാൾ നഗരം ശരിക്കും ഉണരുന്നത് രാത്രിയിലാണ്. പൊതുവേ വൈകുന്നേരം 6 മണി കഴിഞ്ഞ് അധികം പുറത്തിറങ്ങാത്ത ഇക്കൂട്ടർ രാത്രി വൈകിയ 3 മണിയിലും ആഘോഷങ്ങളുടെ ലഹരിയിൽ പങ്കുചേർന്ന് ചിത്രങ്ങൾ പകർത്തുന്നതും, കൂട്ടം ചേർന്ന് ഒരു ഗ്ലാസ് ചായയും കൈയ്യിൽ പിടിച്ച് തമാശ പറഞ്ഞിരിക്കുന്നതും ഇവിടുത്തെ നിരന്തര കാഴ്ച്ചയായി മാറും. ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടാനായി എല്ലാവരും തങ്ങളുടെ വീടുകളും പരിസരവും വൈദ്യുതാലങ്കാരം ചെയ്യുകയും, ഓരോ കവലകളിലും ചിത്രങ്ങൾ പകർത്താനായി ഫ്രെയിമുകളും, തോരണങ്ങളും കൊണ്ട് സജ്ജമാക്കുകയും ചെയ്യുന്നു.

ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിക്കാൻ തുടങ്ങിയാൽ ഇവിടെ മറ്റെല്ലാ സ്‌ഥാപനങ്ങളും മന്ദഗതിയിലേക്ക് നീങ്ങും. സർക്കാർ സ്ഥാപനങ്ങൾ മുതൽ പൊതു യാത്രാ സംവിധാനങ്ങൾ വരെ മെല്ലെ നിലയ്ക്കാൻ തുടങ്ങും. ഡിസംബറിന്റെ അവസാന ആഴ്ചയിൽ മിസോറാം മറ്റെല്ലാം മറന്ന് ആഘോഷത്തിന്റെ പാരമ്യത്തിലേക്ക് കടക്കും. യാത്രയ്ക്കായി സ്വന്തം വാഹനങ്ങൾ മാത്രമോ അതല്ലെങ്കിൽ ബൈക്ക്/കാബ് ടാക്സികൾ മാത്രമാണ് നിരത്തിലിറങ്ങുക. ചെറിയ കടകളെല്ലാം അടച്ചിട്ട് ജനങ്ങൾ ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങും. ബാങ്കുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾ രണ്ടു ദിവസം അവധിയിലാകും.

മിസോറാമിന്റെ ആകെ ജനസംഖ്യയിൽ 87 ശതമാനവും ക്രിസ്ത്യൻ മത വിശ്വാസികളാണ്. അതുകൊണ്ടുതന്നെ ഇവിടം ക്രിസ്ത്യൻ പള്ളികളെകൊണ്ട് സമ്പന്നവുമാണ്. രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ ദൈർഘ്യം വരുന്ന പാതിരാകുർബ്ബാനകൾ ഡിസംബർ 24ന് അർദ്ധരാത്രിയിലും, പിറ്റേന്ന് പകൽ സമയങ്ങളിലുമായി എല്ലാ പള്ളികളിലും സംഘടിക്കപ്പെടുന്നു. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വന്നു താമസിക്കുന്നവർ താരതമ്യേന കുറവായതുകൊണ്ടുതന്നെ മിക്ക പള്ളികളിലും പ്രാദേശിക ഭാഷയായ മിസോയിലാണ് കുർബ്ബാനകൾ നടത്തിവരുന്നത്. ഡൽഹിയിലേതുപോലെ മലയാളം ഭാഷയിലുൾപ്പെടെ കുർബ്ബാന സംഘടിപ്പിക്കുന്ന പള്ളികൾ ഇവിടെയില്ല. എല്ലാ വിശ്വാസികളും ഈ കുർബ്ബാനകളിൽ സൗകര്യം പോലെ പങ്കെടുക്കുകയും , പ്രാർത്ഥനകൾ അർപ്പിച്ച് അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്യുന്നു. കുർബ്ബാനയക്ക് ശേഷം തങ്ങളുടെ ചുറ്റും കൂടിയിരിക്കുന്ന പരിചിതരും അപരിചിതരുമായ എല്ലാവരുടേയും രണ്ടു കൈകളും തങ്ങളുടെ കൈകൾക്കുള്ളിൽ പിടിച്ച് ഇവർ ക്രിസ്തുമസ് ആശംസകൾ നേരും. ആ കാഴ്ച മനസിനെ വളരെയധികം സന്തോഷിപ്പിക്കുന്ന ഒന്നാണ്. തങ്ങളുടെ സങ്കടങ്ങളും ആശങ്കകളും എല്ലാം മറന്നുകൊണ്ട് എല്ലാവരോടുമൊപ്പം ഒരു ക്രിസ്തുമസ് ദിനം കൂടെ ആഘോഷിക്കാൻ കഴിഞ്ഞല്ലോ എന്നുള്ള സന്തോഷവും ആത്മനിർവൃതിയും വെളിവാക്കുന്ന ഒരു പ്രവർത്തിയാണിത്.

ക്രിസ്തുമസ് ദിനം ഉച്ചയ്ക്ക് 2 മണിമുതൽ പള്ളിയിൽ വിശ്വാസികൾ ചേർന്ന് പാചകം ചെയ്ത ഭക്ഷണത്തിന്റെ അന്നദാനം ആരംഭിക്കും. ചോറും, എല്ലാത്തരത്തിലുള്ള മാംസങ്ങളും, സൂപ്പൂകളും, മത്സ്യവുമെല്ലാം അവർ എല്ലാവർക്കുമായി കരുതിയിട്ടുണ്ടാകും. കുട്ടികൾ മുതൽ വളരെ പ്രായമായവർ വരെ, സമ്പന്നർ മുതൽ അന്നന്നുള്ള അന്നത്തിന് ജോലിചെയ്ത് സമ്പാദിക്കുന്നവർ വരെ ഒരേ വരിയിലിരുന്ന് ഒരുമിച്ച് ആസ്വദിച്ച് ഈ ഭക്ഷണം കഴിക്കുന്നതും മിസോ ജനങ്ങളിലെ ഐക്യത്തേയും, പരസ്പര സ്നേഹത്തേയും വെളിവാക്കുന്നു.

ക്രിസ്തുമസ് ദിനം രാത്രിയിൽ ഓരോ കവലയിലും മധുര പലഹാരങ്ങളും മിഠായികളും വിതരണം ചെയ്തുകൊണ്ട് അവർ മറ്റുള്ളവരിലേക്കും തങ്ങളുടെ സന്തോഷം പങ്കുവയ്ക്കും. വർഷങ്ങളായി കരുതിവച്ചിരുന്ന വീഞ്ഞ് കുപ്പികൾ സുലഭമായി വിൽപ്പനയിലേക്ക് ഇക്കാലത്ത് എത്തിക്കപ്പെടും. ആഘോഷങ്ങളിൽ മതിമറന്ന് വീഞ്ഞും കുടിച്ച് സന്തോഷപൂർവം മറ്റുള്ളവരെ നോക്കിനിൽക്കുന്ന ഒരു കൂട്ടം ആൾക്കാരെ തെരുവിൽ കാണാനാകും.

എന്നിരുന്നാലും എത്ര മോശം സാമ്പത്തിക സ്ഥിതിയിൽ ആണെങ്കിലും മറ്റിടങ്ങളിലെ പോലെ മിസോറമിൽ ആരും ഭിക്ഷയാചിക്കാറില്ല, തങ്ങളുടെ സന്തോഷങ്ങൾക്കായി മറ്റൊരാളിൽ നിന്ന് പണം യാചിക്കാറില്ല. അതിവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്.

ക്രിസ്തുമസ് കഴിഞ്ഞ് നാല് ദിവസങ്ങൾ കഴിയുമ്പോൾ പിന്നെയും എല്ലാം പൂർവ സ്ഥിതിയിലേക്ക് മടങ്ങാൻ തുടങ്ങും. ചെറിയ കടകൾ തുറക്കാൻ തുടങ്ങും, യാത്രാ സൗകര്യങ്ങൾ വിപുലമാകും, രാത്രിയിലെ നഗരജീവിതത്തിൽ നിന്ന് ഉൾവലിഞ്ഞ് അവർ സ്വന്തം വീടുകളിലേക്ക് ചുരുങ്ങും. വരാനിരിക്കുന്ന പുതുവർഷത്തെ അവർ പ്രതീക്ഷകളോടെ നോക്കിക്കാണും. പുതുവർഷത്തിൽ ഇനിയും വരാൻ പോകുന്ന ഒരു ക്രിസ്തുമസ് ദിനം കൂടെ ആഘോഷിക്കാൻ കഴിയട്ടെ എന്നവർ പ്രത്യാശിക്കും, കഴിഞ്ഞ ക്രിസ്തുമസ് ദിനങ്ങളിലെ സന്തോഷങ്ങളെ അയവിറക്കി എല്ലാവരും ജീവിതത്തെ പ്രതീക്ഷകളോടെ നോക്കിക്കാണും.

 

Being an enthusiastic individual Abhinand S Ampadi has always been keen to explore and navigate through his boundaries. This encouraged him to try his hand in Delhi University for Graduation in English Literature . He has always ensured that there is a scope for creativity and logic in each and everything that come across. This belief has enabled him to pick up digital media for masters in IIMC, Mizoram.
Abhinand S Ampadi
Writer

How useful was this post?

Click on a star to rate it!

Average rating 4.5 / 5. Vote count: 14

No votes so far! Be the first to rate this post.

0
Would love your thoughts, please comment.x
()
x