കാതൽ കമ്പാർട്മെൻറ്

88 Views

കാതൽ കമ്പാർട്ട്മെൻ്റ്

ജീവിതയാത്ര ഇരുപത്തിമൂന്നാം ലാപ്പ് പിന്നിട്ട സമയം ജീവിതമിങ്ങനെ യാതൊരു എത്തും പിടിയുമില്ലാതെ ഒഴുകികൊണ്ടിരിക്കുകയാണ്.കൊറോണയുടെ വരവ് ജീവിതമങ് മൊത്തത്തിൽ മടുപ്പിച്ചിരുന്നു.പുറത്തേക്കുള്ള യാത്രകൾ കുറഞ്ഞ് ജീവിതം മുറിയുടെ നാലു ചുവരുകളിലേക്കും ഫോണിന്റെ അഞ്ചരയിഞ്ച് സ്ക്രീനിലേക്കും ചുരുങ്ങിയിരുന്ന സമയം.
കൂട്ടുകാർ പലരും ജീവിതം കരുപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലും ബാക്കിയുള്ളവർ കാനഡ വിസയെടുക്കുന്ന തിരക്കിലും.
അങ്ങനെ നമ്മുടെ അനിയൻ പുള്ളിയും ശരാശരി മലയാളി വിദ്യാർത്ഥിയുടെ സ്വപ്നപാതയായ കാനഡയിലേക്കൊരു വിസ എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു.. IELTS എന്ന കടമ്പയും വീട്ടുകാരുടെ സമ്മതമെന്ന ഹിമാലയൻ ടാസ്ക്കും പുല്ല് പോലെ മറികടന്ന അവനിക്ക് ബയോമേട്രിക് ടെസ്റ്റ്‌ ചെയ്യാൻ ബാംഗ്ലൂർ വരെ പോകേണ്ടതായ അത്യാവശ്യം വന്ന് ചേർന്നു.

അപ്പൻ പുള്ളിയെ കൂട്ടികൊണ്ട് പോയാൽ ബോർ അടി ആയിരിക്കുമെന്ന് പ്രതീക്ഷിച്ച അവൻ വീട്ടിൽ ഈച്ച ആട്ടിയിരുന്ന എന്നെ കൂടെ കൂട്ടാൻ തീരുമാനിച്ചു.
അങ്ങനെ ഞങ്ങളിരുവരും വൈകുന്നേരം 4:30 മണിയുടെ ട്രെയിനിൽ ബാംഗ്ലൂരിലേക്ക് സ്ലീപ്പർ കമ്പാർട്മെന്റിലെ ഷെയർഡ് സീറ്റിൽ ഒതുങ്ങി കൂടിയിരുന്നു.
എല്ലാ ട്രെയിൻ യാത്രയും ജീവിതത്തിലേക്ക് എന്തേലുമൊക്കെ ഒന്ന് കരുതിവെക്കുമെന്ന് ഏതോ ഒരു മഹാൻ പണ്ട് പറഞ്ഞിട്ടുണ്ട്.

എന്നാലൊരു തേങ്ങയും ആ യാത്രയിൽ ഉണ്ടായിരുന്നില്ല. ബാംഗ്ലൂരിലേക്ക് കൂട്ടത്തോടെ അഡ്മിഷൻ എടുക്കാൻ പോകുന്ന കുറച്ച് പിള്ളേരും അവരുടെ മാതാപിതാക്കളും ആയിരുന്നു ട്രെയിനിൽ ഭൂരിഭാഗവും. കാര്യം അതിലൊരു കുട്ടിയെ കാണാൻ ഭംഗി ഒക്കെ ഉണ്ടായിരുന്നെങ്കിലും എന്റെ തൊട്ടടുത്തിരിക്കുന്ന അവളുടെ ഘടാഘടിയനായ അച്ഛനെ താണ്ടി അവളിലേക്ക് എത്താനുള്ള ധൈര്യം ഒന്നും അന്നേരം എനിക്കുണ്ടായില്ല. കുട്ടി ഇടക്കിടക്ക് ചില നോട്ടങ്ങൾ പായിച്ചെങ്കിലും ഞാൻ എയ്തുവിട്ട പ്രണയശരങ്ങൾ ഓൾടെ അച്ഛന്റെയും അമ്മയുടെയും കണ്ണുകളുടെ തീക്ഷണതയിൽ ചാമ്പലായി പോയി.

സത്യമായും കുട്ടിയുടെ അച്ഛനും അമ്മയും ട്രെയിനിൽ നിന്നിറങ്ങി വെള്ളം മേടിക്കാൻ പോകുമ്പോൾ ട്രെയിൻ വിട്ടു പോകുന്നതും കുട്ടിയും ഞാനും കമ്പനി അടിച്ചു ബാംഗ്ലൂർ വരെ പോകുന്നതും ഓളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത് എത്തിക്കുന്നതുമെല്ലാം സ്വപ്നം കണ്ടു ഞാനുറങ്ങിപ്പോയി.
കണ്ണ് തുറന്ന് നോക്കുമ്പോൾ ഞാൻ കാണുന്നത് ബാംഗ്ലൂർ cantonment സ്റ്റേഷൻ ബോർഡ്‌ ആണ്.അവളിരുന്ന സീറ്റിലേക്ക് ഒരു തെല്ലു നിരാശയോടെ ഞാൻ നോക്കി, അവൾ Whitefield സ്റ്റേഷനിൽ ഇറങ്ങിയെന്ന സത്യം ഞാൻ തെല്ലു ദുഖത്തോടെ മനസിലാക്കി..

അങ്ങനെ ഒരു പരാജയത്തോടെ ബാംഗ്ലൂർ യാത്ര ആരംഭിച്ചു.

എന്നാൽ ശെരിക്കുമുള്ള ട്വിസ്റ്റ്‌ എന്നെ കാത്തിരുന്നത് കേരളത്തിലേക്കുള്ള റിട്ടേൺ ട്രെയിനിലാണ്.ഞാനും അനിയനുമിരിക്കുന്ന സീറ്റിന് എതിർവശമായി 5 സുന്ദരികളും ഒരു തൈകിളവനും.
അതിൽ ഞാൻ കാത്തിരുന്ന അല്ലേൽ പലരുടെയും ട്രെയിൻ യാത്രയിൽ അവർ കണ്ടു മുട്ടാൻ ആഗ്രഹിക്കുന്ന ആ ഒരാൾ അന്ന് ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

എനിക്കുമവൾക്കും മാത്രം അറിയുന്ന അവളുടെ കൂട്ടുകാരികൾക്കോ എന്റെ അനിയനോ പോലും അറിയാത്ത 10 മണിക്കൂറോളം നീണ്ടു നിന്ന ഞങ്ങളുടെ യാത്ര.

ഞാനും അനിയനും ഇടതുവശത്തുള്ള സീറ്റിലും അവർ അഞ്ച് പേരും വലതുവശത്തുമാണ് ഇരിക്കുന്നത്. അവരുടെ സംസാരത്തിൽ നിന്ന് തന്നെ അവർ മലയാളികളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഫോണിന് ചാർജ് തീരെ കുറവ് ആയിരുന്നത് കൊണ്ട് ഫോൺ കുത്തിയിടാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ അടുത്തുള്ള സോക്കറ്റ് വർക്ക്‌ ചെയ്യാത്തത് കാരണം ഞാൻ അവരോട് ഫോൺ ഒന്ന് അവിടെ കുത്തിയിടമോന്ന് ചോദിച്ചു. ഒരു കോൺവെർസേഷൻ ഇനീഷിയേറ്റ് ചെയ്യാനുള്ള അവസരം ഇതാണെന്ന് മനസിലാക്കി കൊണ്ട് ഞാൻ അവരോട് മലയാളികൾ ആണോയെന്ന് ചോദിച്ചു.
ഊഹം തെറ്റിയില്ല, ബാംഗ്ലൂരിൽ നഴ്സിംഗ് 3rd ഇയർ പഠിക്കുന്നവർ ആയ മലയാളികൾ ആണ് എല്ലാവരും.
കൂട്ടത്തിൽ എന്റെ ശ്രദ്ധ മുഴുവൻ ആദ്യ കാഴ്ച്ചയിൽ തന്നെ കണ്ണിലുടക്കിയ കുട്ടിയിന്മേൽ ആയിരുന്നു.
പേര് ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും അവർ എല്ലാരും ഒരു ഗാങ് ആയി ഇരിക്കുന്നത് കൊണ്ടും അങ്ങോട്ട് ഇടിച്ചു കേറാൻ അറിയാത്തത് കൊണ്ടും ഞാൻ തത്കാലം മൗനം
പാലിച്ചു.

തീവണ്ടി ചലിച്ചു തുടങ്ങി, അവരുടെ കലപിലകളുടെ കൂടെ തണുത്ത കാറ്റിന്റെയും, തീവണ്ടിയുടെ ശബ്ദവും കൂടി ഒഴുകിയെത്തി. തത്കാലം ഒന്ന് സെറ്റിൽ ആകാമെന്ന് കരുതി ഞാൻ ഹെഡ്‌ഫോൺ എടുത്തു പാട്ട് കേട്ടുകൊണ്ടിരിന്നു എങ്കിലും മനസ് ഇടക്കിടക്ക് അവളിലേക്ക് ഒളികണ്ണിടാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

നിമിഷങ്ങൾ കടന്നു പോയി.അവർ കോളേജ് കാര്യങ്ങളെ പറ്റിയുള്ള ചർച്ചകളിലാണ്.ഞാൻ ആണെങ്കിൽ പാട്ടും അതിന്റെ ഒപ്പം വിദഗ്ധമായി അവളെ നോക്കലും.
അങ്ങനെ അവളെ നോക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി അവൾ ഞൊടിയിടയിൽ എന്നെ തിരിഞ്ഞു നോക്കി. ഒരു മൈക്രോസെക്കന്റ് നേരത്തേക്ക് എനിക്കെന്റെ നോട്ടം ഡൈവേർട്ട് ചെയ്യാനായില്ല.ആ ഒരു സെക്കന്റ്‌ മതിയായിരുന്നു അവൾക്കെന്റെ കണ്ണിൽ നിന്നും എന്റെ മനസ് വായിച്ചെടുക്കാൻ.

ഞാൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.അവൾ പിന്നെ ഇങ്ങോട്ട് നോക്കിയതേയില്ല,ഒരുപക്ഷെ uncomfortable ആയിക്കാണുമെന്ന് തന്നെ ഞാനുറപ്പിച്ചു. എന്നിൽ നിരാശയുടെ ഇരുളു മൂടിതുടങ്ങി.
എനിക്ക് പിന്നെ അങ്ങോട്ട് നോക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഞാൻ ഫോണിലേക്ക് തന്നെ മിഴിച്ചു നിന്ന് എന്തൊക്കെയോ പരതി സമയം കളഞ്ഞുകൊണ്ടിരുന്നു. അതിനിടയിൽ എന്റനിയൻ ഉറക്കം പിടിച് പുതച്ചു മൂടി ഉറങ്ങിയതിനാൽ ചെറിയ രീതിയിലൊരു ഏകാന്തത എന്നെ ചുറ്റി പറ്റി നിന്നിരുന്നു.

അവരും മെല്ലെ ഉറങ്ങാനുള്ള തയാറെടുപ്പിലേക്ക് നീങ്ങി. ഞാൻ ഒരുതവണ കൂടി അവളെ നോക്കി, ഇല്ലാ ഗൗനിക്കുന്നു പോലുമില്ല.

ഞാൻ മെല്ലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഡോറിനരികിലേക്ക് നടന്ന് അവിടുന്ന് പുറത്തെ കാഴ്ചകൾ നോക്കാൻ തുടങ്ങി.

നിമിഷങ്ങൾ കടന്നു പോയി, ഞാൻ ചെറുതായി ഒന്ന് തല തിരിച്ചു നോക്കുമ്പോൾ അവൾ എന്റെയരികിലൂടെ വാഷ്റൂമിലേക്ക് പാസ്സ് ചെയ്തു പോയി.
അവൾ തിരിച്ചു വരുമ്പോൾ മിണ്ടിയാലോ എന്ന് ഞാനോർത്തു. പിന്നീട് കൂടുതൽ uncomfortable ആക്കണ്ടന്ന് കരുതി ആ പ്ലാൻ ഉപേക്ഷിച്ചു.
ഡോർ തുറക്കുന്ന ഒച്ച കേട്ട് ഞാൻ വേഗം പുറത്തേക്ക് ശ്രദ്ധിച്ചു നിന്ന്.
എന്റെ തോളിൽ ഒന്ന് തട്ടികൊണ്ട് അവൾ വളരെ casual ആയി ചോദിച്ചു,

” എന്തിനാ ഇടക്കിടക്ക് അങ്ങോട്ട് നോക്കിക്കൊണ്ടിരുന്നത്. എന്നെയാണോ അതോ വേറെ ആരെയെങ്കിലുമാണോ?! “

ഞാൻ ഒരു രണ്ട് സെക്കന്റ്‌ നേരത്തെ ആലോചനക്ക് ശേഷം.

“ഏയ്യ് ഞാൻ ചുമ്മാ നോക്കിയതാണ്. തന്നെയല്ല “

” എന്നാ ശെരി “

അവൾ സീറ്റിലേക്ക് മടങ്ങാൻ തുടങ്ങി.
എന്നാൽ എനിക്ക് കള്ളം പറയേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ.

അവളെ ഞാൻ പിറകിൽ നിന്ന് വിളിച്ചു. അവൾ എന്താ എന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി.

“എടോ ഞാൻ താൻ എന്ത് വിചാരിക്കുമെന്നോർത്ത് പെട്ടെന്ന് അല്ലായെന്ന് പറഞ്ഞതാണ്.
തന്നെ തന്നെയാണ് ഞാൻ നോക്കിയത്.
Infact ഞാൻ ഈ ട്രെയിനിൽ കേറിയ നിമിഷം തൊട്ട് തന്നെ ഞാൻ നോക്കിയിരിന്നു..താൻ കണ്ടുപിടിച്ചത് വൈകിയെന്നെ ഒള്ളൂ..”

“മ്മ് എനിക്ക് അപ്പോഴേ അത് തോന്നിയിരുന്നു എന്നെയാണെന്ന്.”

അടുത്ത ചോദ്യം ഞാൻ ചോയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അവൾ അത് ബ്ലോക്ക്‌ ചെയ്യുന്ന രീതിയിൽ സീറ്റിലേക്ക് പോകുന്നില്ലേയെന്ന് ചോദിച്ചു.
ഞാൻ ഉവ്വ എന്നുള്ള അർത്ഥത്തിൽ തലയാട്ടി.

അവൾ ആദ്യവും ഞാൻ ഒരു ചെറിയ ദൂരമിട്ട് പിറകെയും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി.

ഇടതുവശത്തുള്ള മിഡിൽ ബെർത്ത്‌ സീറ്റിൽ ആയിരുന്നു അവൾ കിടന്നത്.ഞാൻ സൈഡ് ലോവർ സീറ്റിലും.

ലൈറ്റുകൾ അണഞ്ഞു, കലപിലകൾ ഒതുങ്ങി.
കാറ്റും, ചൂളം വിളിയും പതിവിലും ഭംഗിയായി താളത്തിൽ പാടുന്നുണ്ട്..
എല്ലാവരും മയക്കത്തിൽ ആണ്.

ഞാന് ഫോണിലും. ഞാൻ അവള് കിടക്കുന്നിടത്തേക്കൊന്ന് നോക്കി. ഇങ്ങോട്ട് തിരിഞ്ഞാണ് കിടക്കുന്നതെങ്കിലും ഇരുട്ട് കാരണം ഒന്നും വ്യക്തമല്ല. എങ്കിലും ഞാൻ വെറുതെ അങ്ങോട്ട് തന്നെ നോക്കികൊണ്ടിരുന്നു.
പെട്ടെന്ന് ഒരു കനത്ത വെള്ളിവെളിച്ചം അതിവേഗത്തിൽ ട്രെയിനിലൂടെ കടന്നു പോയി. ആ ഒരു സെക്കൻഡിലൂടെ ഞാൻ അവളെ കണ്ടു.അവൾ ഉറങ്ങിയിരുന്നില്ല, കണ്ണുകൾ തുറന്ന് എന്റെ നേരെ നോക്കിയിരിക്കുന്നു. എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി. അവൾ എന്നെ തന്നെ നോക്കുന്നതായിരിക്കുമോ അതോ പെട്ടെന്ന് എനിക്ക് തോന്നിയതായിരിക്കുമോ..

അതിന്റെ ഉത്തരം കണ്ടെത്താനാകാതെ ഇന്നെനിക് ഉറങ്ങാൻ കഴിയില്ലെന്ന് എനിക്ക് തോന്നി..
ഒരുപക്ഷെ അവൾ ഉണർന്ന് ഇരിക്കുകയായിരിക്കും. ഞാൻ ഉറങ്ങി കാണും എന്ന് കരുതി ആയിരിക്കുമോ ഇങ്ങോട്ട് നോക്കുന്നത്?
എന്റെ മനസ് മുഴുവൻ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു..
ട്രെയിനിലെ ലൈറ്റ് ഇട്ടാലോ എന്ന് ആദ്യം കരുതിയെങ്കിലും, മറ്റുള്ളവരെ കൂടി ചിലപ്പോൾ അത് ഉണർത്തിയേക്കും എന്ന് സന്ദേഹിച്ചതിനാൽ ആ ഉദ്യമം ഉപേക്ഷിച്ചു.
ഒടുവിൽ ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഉണർന്നിരിക്കുന്ന ഒരാൾക്ക് മനസിലാവും വിധം ചലനമുണ്ടാക്കി ട്രെയിൻ ഡോറിനെ ലക്ഷ്യമാക്കി നടന്നു.
ട്രെയിൻ ഡോറിന് അടുത്തെത്തി പുറത്തെ കാഴ്ചകളിലേക്ക് നോക്കി നിന്നുവെങ്കിലും ഉള്ളിലെ പ്രതീക്ഷ അവളുടെ വരവ് പ്രതീക്ഷിച്ചാണ്.

പെട്ടെന്ന് പിറകിൽ നിന്നുമൊരു ശബ്ദം ശ്രദ്ധിച്ചു ഇരുട്ട് നിറഞ്ഞ സീറ്റുകൾക്കിടയിലൂടെ ഒരു രൂപം..
മെല്ലെ മെല്ലെ ഇരുട്ടിൽ നിന്നും പുറത്തേക്ക് വന്നത് അവൾ ആണെന്ന് അതിനകം ഞാൻ മനസിലാക്കിയിരുന്നു..
അവൾ എന്റെ അടുത്ത് വന്ന് നിന്നു..
ഞാൻ ഉള്ളിൽ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു.

ഉറങ്ങിയിരുന്നില്ലല്ലേ?

ഇല്ലാ.. നീയും ഇല്ലായിരുന്നല്ലേ?

ഇല്ല. എനിക്ക് തോന്നിയിരുന്നു എന്നെ നോക്കുന്നത് പോലെ..
നോക്കിയില്ലെ?.സത്യം പറയണം..

ആള് പിടിക്കപ്പെട്ടു കഴിഞ്ഞു എന്ന് മനസിലാക്കിയെങ്കിലും അത്ര വേഗം പിടി തരാൻ ഒരുക്കമായിരുന്നില്ല.

ഞാൻ അങ്ങോട്ടൊന്നും നോകിയതല്ല ഓരോന്ന് ആലോചിച്ചു ഇരുന്നു, അപ്പോൾ നീ എണിക്കുന്നത് കണ്ട് ഒരു കമ്പനി ആയല്ലോ എന്ന് കരുതി വന്നതാ..
വേണ്ടെങ്കിൽ പോയേക്കാം.

“അയ്യോ പോകല്ലേ”.. ഞാൻ ചുമ്മാ ചോദിച്ചയാണ്..

പിന്നെ എന്താർന്ന് ഇത്ര ആലോചിക്കാൻ..

ഓരോ കാര്യങ്ങൾ..

നിമിഷങ്ങൾ കടന്നു പോയി, ട്രെയിൻ മുഴുവൻ രാത്രിയുടെ നിശബ്ദതയിൽ ലയിച്ചു ഉറങ്ങുമ്പോൾ ഞങ്ങളിരുവരും സംഭാഷണങ്ങൾ കൊണ്ടുള്ള താരാട്ടു പാടുകയായിരുന്നു..
ഒരു നിമിഷം പോലും സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അലയേണ്ടി വന്നില്ല ഞങ്ങൾക്ക്..

കോളേജ് ലൈഫ്, വീട്, ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ, ഭാവിയെക്കുറിച്ചു, ആഗ്രഹങ്ങളെ കുറിച്, പ്രണയത്തെ കുറിച് അങ്ങനെ അങ്ങനെ ഒരുപാട് നേരത്തെ സംസാരം..അതിനിടയിൽ ഞങ്ങളെ ആകെ ഒരുമിച്ച് കണ്ടത് ട്രെയിനിൽ ചായ കൊണ്ടു തരുന്ന ചേട്ടൻ മാത്രം..

ഞാൻ പെട്ടെന്ന് അവളെ സംസാരത്തിൽ നിന്നും തടഞ്ഞു കൊണ്ട് ചോദിച്ചു “ഇനി നമ്മൾ കാണുമോ?”

അവളുടെ മുഖഭാവം ഒരു നിമിഷത്തേക്ക് മാറി പെട്ടെന്ന് തന്നെ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു..

അഞ്ചാറു മണിക്കൂറായില്ലേ നമ്മൾ സംസാരിക്കുന്നു എന്റെ പേരറിയാമോന്ന്?

അപ്പോഴാണ് ഞാൻ റിയലൈസ് ചെയ്യുന്നത് ഞങ്ങളിരുവരും സ്വയം ഇതുവരെ പേരോ, സ്ഥലമോ ഒന്നും പറഞ്ഞു പരിചയപ്പെട്ടിട്ടില്ല എന്നത്.

ഞാൻ ഒരല്പം ജാള്യതയോടെ..
“ശ്ശെ എന്താലേ..ആട്ടെ തന്റെ പേരെന്താ… എവിടെയാ വീട്?”

“മ്മ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ. എന്തായാലും ഇനി കുറച്ച് നേരം കൂടി കഴിഞ്ഞാൽ നമ്മൾ അവരവരുടെ സ്റ്റോപ്പിലിറങ്ങും.. ആരാദ്യം ഇറങ്ങുമെന്ന് പോലും എനിക്കറിയില്ല, എന്തായാലും പരസ്പരം ഇനി അറിയണ്ട.
നമുക്ക് നോക്കാം ഒരു തവണ കൂടി കണ്ടുമുട്ടിയാൽ അന്ന് നമുക്ക് പരിചയപ്പെടാം.. “

തെല്ല് നിരാശ തോന്നിയെങ്കിലും, വീണ്ടും കുത്തി കുത്തി ചോദിക്കാൻ എനിക്ക് തോന്നിയില്ല..

എന്നാൽ ശെരി തന്റെ ഇഷ്ടം പോലെ ആകട്ടെ..

എന്നാ നമുക്ക് സീറ്റിലേക്ക് പോകാം.. അവർ ഉണരാൻ സമയം ആയിട്ടുണ്ട്..

ഞങ്ങളിരുവരും സീറ്റിലേക്ക് മടങ്ങി.. ഇടക്ക് ഇടക്ക് ഞാൻ അവളെ നോക്കി അവൾ തിരിച്ചും.എന്റെ മുഖത്തെ നിരാശ അവൾക്ക് വായിക്കാൻ കഴിഞ്ഞു കാണുമെന്നു ഞാൻ പ്രതീക്ഷിച്ചു..
അവളും ഒരൽപ്പം സങ്കടചുവ നിറഞ്ഞ പുഞ്ചിരി തന്നെയാണ് തിരിച്ചു സമ്മാനിക്കുന്നതെന്നും എനിക്ക് തോന്നി..അതിനിടയിൽ അവൾ വീണ്ടും വാഷ്റൂം വരെ പോയി എങ്കിലും പിന്തുടരണ്ട എന്ന് എന്നോട് പറഞ്ഞിരുന്നു..

എന്റെ സ്റ്റോപ്പ്‌ എത്താറായി.. അതിനർത്ഥം അവളുടെ വീട് എറണാകുളം – തിരുവനന്തപുരം റൂട്ടിൽ എവിടെയോ ആണെന്ന് ഞാൻ കണക്ക് കൂട്ടി..

അനിയൻ ഉണർന്നിരുന്നു, അവളുടെ കൂട്ടുകാരികളും.
സ്റ്റോപ്പിലിറങ്ങുന്നതിന് മുൻപ് ഞാൻ അവളെ ഒന്ന് നോക്കി.. അവളെന്നെ നോക്കി മറ്റാരും കാണാതെ..
ട്രെയിൻ വിട്ടു പോകുന്ന വരെ ഞാൻ പുറത്ത് അവൾക്ക് കാണാൻ പാകത്തിൽ നിന്നു..

———————————————————————

ആ യാത്ര അവസാനിച്ച ദിനം ഞാൻ എന്റെ ഫോണിൽ അവളുടെ മെസ്സേജ് കാത്തിരുന്നു..
അവൾക്ക് കാണാൻ ആകുന്ന രീതിയിൽ ഞങ്ങൾ അവസാനം ചായ കുടിച്ച പേപ്പർ കപ്പിൽ എന്റെ മൊബൈൽ നമ്പർ എഴുതി എന്റെ സീറ്റിനരികിൽ ഞാൻ വെച്ചിരുന്നു..

ഒരു ദിവസം കടന്നു പോയി..
മറ്റൊരു ദിവസം കൂടി..
മൂന്നാമതൊരു ദിനം കൂടി…

ഇന്ന് നാലാം ദിനം.. ഈ കഥ അവസാനിക്കുന്നതിന് മുൻപ് സിനിമയിലെ പോലെ രണ്ടാം ഭാഗത്തിന് ഒരു സാധ്യത തുറന്ന് കിട്ടുമെന്ന് പ്രതീക്ഷ ആയിരുന്നു ഈ നാല് ദിനങ്ങൾ..

ഒരുപക്ഷെ അവൾ ആ പേപ്പർ കപ്പ് ശ്രദ്ധിച്ചു കാണില്ല, അല്ലെങ്കിൽ ഒരുപക്ഷെ കണ്ടിട്ടും കാണാത്ത പോലെ നടിച്ചു കാണും..

സുന്ദരമായ ഒരു ട്രെയിൻ യാത്രയുടെ അതിസുന്ദരമായ ഓർമ്മകളും അവളുടെ കൂടെയുള്ള നിമിഷങ്ങളും മാത്രം ബാക്കിയാക്കി ഈ കഥ ഇവിടെ തീരുകയാണ്..

———————————————————————-

Notification.

WhatsApp – You have a New Message

 

 

"Basil James, aged 24 and holding an M.Tech. degree, has a deep love for literature. You'll often catch him writing poems and creating stories fueled by his wild imagination. He's a lively individual who embraces life's moments, is a big fan of sports, and likes music."
Basil James
Writer
Subscribe
Notify of
guest
3 Comments
Oldest
Newest
Inline Feedbacks
View all comments
Devadeth
Devadeth
Guest
8 months ago

❤️

Abhirami
Abhirami
Guest
8 months ago

Wow❤️❤️, like I watched a rom-com

Sanika KS
Sanika KS
Guest
8 months ago

💫

3
0
Would love your thoughts, please comment.x
()
x