മുറുക്ക്

143 Views

മുറുക്ക്

“മുരളി എപ്പോഴും ഒറ്റയ്ക്ക് അല്ലെ… ചേച്ചിയും അനന്ദുവും വരുന്നതാ അവനു ഇടയ്ക്കു ഒരാശ്വാസം”. സീത പാല്‍ തവി കൊണ്ട് ഇളക്കികൊണ്ടേ ഇരുന്നു. “അവന്‍റെ പ്രായത്തിലുള്ള ആരും ഈ അയല്‍പക്കത്തിലൊന്നുമില്ലേ?” “ഇല്ല ചേച്ചി. എല്ലാം വലിയ പിള്ളേര.. പ്ലസ്‌ 2 വിനും ഡിഗ്രിക്കും ഒക്കെ പഠിക്കുന്നത്. ഈ 7 വയസ്സുകാരനെ അവരുടെ കൂടെ കളിയ്ക്കാന്‍ കൂട്ടുമോ?”

മുരളിയുടെ അപ്പച്ചി, അനന്ദുവിന്‍റെ അമ്മ അടുകള ഒന്ന് ചുറ്റി നോക്കി. തേപ്പ്കടക്കാരന്‍റെ കരിപെട്ടിയാണതെന്ന് ഒരു നിമിഷം അവര്‍ക്ക് തോന്നി പോയി.

“നീ അങ്ങ് കറത്തുപോയല്ലോ സീതേ… വേറെ ഒരാളെ പോലെ തോന്നുന്നു.”

സീത ഒന്ന് ചിരിച്ചു.

“എന്തേ ചിരിക്കാന്‍, ഞാന്‍ കാര്യമായി പറഞ്ഞയാ…”

“ എന്‍റെ ലതേച്ചി, കറുത്താലെന്താ വെളുത്താലെന്താ? എന്‍റെ മോന്‍ ഇപ്പോഴും എന്നെ അമ്മെ എന്നല്ലേ വിളിക്കുന്നത്‌. അതു മതി എനിക്ക്.”

ലത വാച്ചില്‍ നോക്കി ഇരുന്ന പാതകത്തില്‍ നിന്ന് ചാടി ഇറങ്ങി.

“എടി.. ഞാന്‍ ഇറങ്ങട്ടെ… ബസ്‌ ഇപ്പൊ പോകും. ഹാ.. പിന്നെ സീതേ… പരോളിന്‍റെ കാര്യം എന്തായി?”

പാത്രത്തില്‍ വിരല്‍ കൊണ്ട് പൊള്ളി സീത കൈ വലിച്ചു വിരല്‍ വായില്‍ തിരുകി. “അതേച്ചി.. വലിയ പ്രതീക്ഷ വേണ്ടന്നാ വക്കീല്‍ സാര്‍ പറഞ്ഞേ…”

“ഹും.. പൈസക്ക് വല്ല അത്യാവശ്യവുമുണ്ടോ സീതേ…?”

സീതയ്ക്ക് വീണ്ടും ചിരി വന്നു. അത്യാവശ്യങ്ങളും ബാധ്യതകളും പ്രശ്നങ്ങളുമൊക്കെ കുറച്ചു കഴിയുമ്പോള്‍ ജീവിതത്തിലെ തമാശകളാകുമായിരിക്കും, എന്തോ.. അവള്‍ക്കു അങ്ങനെ തോന്നി.

“അതിനെപ്പോഴാ ചേച്ചി അത്യാവശ്യമില്ലാത്തത്. ആദ്യം അതിനു അത്യാവശ്യം വന്നത് കൊണ്ടല്ലേ ജയേട്ടന്‍ ആ തിരിമറിക്ക് കൂട്ട് നിന്നത്. എന്നാലും ഇപ്പോള്‍ ഒന്നും വേണ്ട. അനന്ദുവിനെ കോളേജില്‍ ചേര്‍ക്കേണ്ടേ? എല്ലാവര്‍ക്കും ഇല്ലേ ചേച്ചി ആവശ്യങ്ങള്‍.”

“ശരി… എങ്കില്‍ ഞങ്ങള്‍ ഇറങ്ങട്ടെ.. അനന്ദു എവിടെ? അനന്ദു…….”

കിഴക്കേ പറമ്പിലേ വേലിക്കരികെ അനന്ദുവും മുരളിയും നിന്നു. രാഘവേട്ടന്‍റെ പറമ്പിലെ മാവുകള്‍ നിറയെ പഴുത്ത മാങ്ങകള്‍ നിറഞ്ഞു നിന്നു. ചില മാവുകള്‍ കണ്ടാല്‍ ഇലകളേക്കാള്‍ കൂടുതല്‍ മാങ്ങകള്‍ ഉണ്ടെന്ന് തോന്നി പോകും.

“എടാ, നീ തോട്ടി എടുത്തോണ്ട് വാ, നമുക്ക് കുറച്ചു മാങ്ങാ പറിക്കാം.”

മുരളിയുടെ കണ്ണുകള്‍ മാങ്ങയില്‍ ഉടക്കി കിടക്കുവായിരുന്നു.

“എടാ, ഞാന്‍ പറഞ്ഞത് നീ കേട്ടോ?” മുരളി ഞെട്ടി തിരിഞ്ഞു അനന്ദുവിനെ നോക്കി.

“എന്താ ചേട്ടാ?”

“പോയി തോട്ടി എടുത്തോണ്ട് വരാന്‍, കുറച്ചു മാങ്ങാ പറിക്കാം എന്ന്.” “അയ്യോ, അതു വേണ്ട. രാഘവന്‍ മാമന്‍ തല്ലും. കഴിഞ്ഞ പ്രാവശ്യം ഞങ്ങളുടെ പറമ്പിലേക്ക് വീണ ഒരു മാങ്ങാ ഞാനെടുത്തതിനു അമ്മയുടെ അടുത്ത് വന്നു വഴക്ക് ഉണ്ടാക്കിയതാ..”

“ഓ.. പിന്നെ…” അനന്ദുവിന്‍റെ മുഖത്ത് ചീര്‍ത്ത ഒരു പുച്ഛം വിരിഞ്ഞു. മുരളി ഈ പുച്ഛം നേരത്തെയും കണ്ടിട്ടുണ്ട്. അമ്മയുടെ കൂടെ പട്ടണത്തിലെ കടയില്‍ പോയപ്പോള്‍ കടക്കുള്ളില്‍ വില കൂടിയ ഒരു ചോക്ലേറ്റ് നുണഞ്ഞു കൊണ്ട് നിന്ന ബാലനെ മുരളി വെറുതെ നോക്കി നിന്ന്. അപ്പോള്‍ അവന്‍റെ അമ്മ അവനെ ചേര്‍ത്ത് നിര്‍ത്തി സമാനമായ പുച്ഛം മുരളിയുടെ നേരെ തുപ്പി. ഈ ഭാവമെന്തിനാണ് മനുഷ്യര്‍ കാട്ടുന്നതെന്ന് മുരളി ചിന്തിച്ചു. ആരേലും കണ്ടാല്‍ നോക്കി ചിരിച്ചാല്‍ പോരെ… മുരളിക്ക് ആരേലും നോക്കി ചിരിക്കുന്നത് വളരെ ഇഷ്ടമാണ്. എന്ത് രസമാണ്. മുരളി നിന്ന് ചിരിച്ചു.

“നീ എന്തിനാ നിന്ന് കിണിക്കുന്നത്?” അനന്ദുവിന്‍റെ മുഖത്ത് പുച്ഛം വികസിച്ചു.

“വേഗം ചെന്ന് തോട്ടി എടുത്തോണ്ട് വാ..” മുരളി മടിച്ചു നിന്നു. “ശെടാ, എന്‍റെ മുരളി നീ ബാലഹനുമാന്‍റെ കഥ കേട്ടിട്ടുണ്ടോ?” മുരളി മിഴിച്ചു അനന്ദുവിനെ നോക്കി ഇല്ല എന്ന് തലയാട്ടി.

“ഹോ.. ഇതൊക്കെ വായിക്കേണ്ടേ….എടാ… നമുക്ക് ഇഷ്ടപെട്ടത് എന്തേലും കണ്ടാല്‍ അങ്ങ് എടുത്തോണം.”

“അതു കള്ളന്മാര്‍ അല്ലെ ചെയ്യുന്നത്?”

“നീ നിന്‍റെ തന്തയുടെ മോന്‍ തന്നെ ആണോ..?” അനന്ദു ഒരു പുച്ഛശിലയായി മാറി. ചലിക്കുന്ന ശില. “എന്തുവാ..?”

ആ പറഞ്ഞത് മുരളിയുടെ കുഞ്ഞ് മനസ്സില്‍ തട്ടിയെങ്കിലും, പ്രതിഫലിച്ചില്ല.

“എടാ, കൃഷ്ണന്‍ വരെ വെണ്ണ കട്ട് തിന്നിരിക്കുന്നു. അതല്ലേ നമ്മള്‍ ഭഗവാനെ ‘കള്ളാ കൃഷ്ണ’ എന്ന് വിളിക്കുന്നത്‌. അപ്പൊ നമ്മള്‍ ഈ മാങ്ങാ എടുത്തത്‌ കൊണ്ട് വലിയ പ്രശ്നം ഒന്നുമില്ല. നീ ചെന്ന് തോട്ടി എടുത്തോട് വാ..”

മുരളി തിരിഞ്ഞതും അപ്പച്ചിയുടെ വിളി ഉയര്‍ന്നു.

“അനന്ദു….. വാ….. പോകാം….ബസ്‌ വരാറായി.”

“ഹാ.. നിന്‍റെ ഒരു കാര്യം. മാങ്ങാ തിന്നാമായിരുന്നു, നിന്നെ ഉപദേശിച്ച സമയം കൊണ്ട്.”

അനന്ദു ആഞ്ഞുചവിട്ടി നടന്നു. പുറകെ മുരളിയും. ലതേച്ചിയും പുറകില്‍ മുരളിയുടെ അമ്മയും വന്നു നില്‍പ്പുണ്ടായിരുന്നു. “മോനേ ഞങ്ങള്‍ ഇറങ്ങട്ടെ.. പിന്നെ ഒരിക്കല്‍ വരാം കേട്ടോ.. അപ്പൊ ബാക്കി കളി കളിക്കാമേ….”

ലതേച്ചി മുരളിയുടെ കവിളില്‍ പിടിച്ചു കൊഞ്ചിച്ചു. മുരളി നിരപ്പില്ലാത്ത പല്ല് കാട്ടി ചിരിച്ചു.

“നന്നായി പഠിക്കണം കേട്ടോ…വലുതാകുമ്പോള്‍ അനന്ദുചേട്ടന്‍റെ കൂട്ട് ആവേണ്ടേ?”

മുരളി തല ചരിച്ചു അനന്ദുവിനെ നോക്കി. അനന്ദു നെഞ്ച് കുറച്ചു കൂടി വിരിച്ചു തല ഉയര്‍ത്തി “ഇതൊക്കെ എന്ത്” എന്ന മട്ടില്‍ നിന്നു. പക്ഷെ ഇപ്പോള്‍ മുഖത്ത് പുച്ചത്തിന്‍റെ മുഖംമൂടി ഇല്ല, മറിച്ചു മറ്റൊന്നാണ്. ഈ ഭാവ മാറ്റത്തില്‍ മുരളിക്ക് അത്ഭുതം തോന്നി.

അപ്പച്ചിയുടെയും അനന്ദുവിനന്‍റെയും കൂടെ ഗേറ്റ് വരെ മുരളി ചെന്നു. ഇടവഴിയിലൂടെ നടന്നു അവര്‍ രാഘവേട്ടന്‍റെ പുരയിടത്തിന്‍റെ വേലിക്കരികില്‍ ആയതും അപ്പച്ചി റോഡിലേക്ക് വീണു കിടന്ന 2 മാങ്ങ വേഗത്തില്‍ ബാഗില്‍ ആക്കുന്നത് മുരളി കണ്ടു.

തിരിച്ചു വീട്ടിലേക്കു ഓടി കയറിയപ്പോള്‍ മുരളി കേട്ടത് അമ്മയുടെ ഒച്ച ആണ്. അവന്‍ അടുകളയിലേക്ക് ഓടി ചെന്നു.അടുപ്പില്‍ ആകെ പാല്‍ തൂവി കിടപ്പുണ്ടായിരുന്നു. “ശോ.. പാല്‍ മുഴുവന്‍ പോയല്ലോ… ശേ…” അമ്മ തലയില്‍ കൈ വെച്ച് മുരളിയെ നോക്കി. തനിക്കെന്തോ പണി വരുന്നു എന്ന് ഊഹിച്ച മുരളി ഒരടി പുറകിലേക്ക് വെച്ചു.

“മോനെ, മുരളി, രമണി ചേച്ചിയുടെ അടുത്ത് ചെന്ന് കുറച്ചു പാല്‍ തരുമോ എന്ന് ചോദിക്ക്. എന്‍റെ പൊന്നു മോനു ചായ കുടിക്കെണ്ടേ?”

നല്ല മടി ആണെങ്കിലും അമ്മ എന്ത് പറഞ്ഞാലും അവന്‍ അനുസരിക്കും. എന്തോ അവന്‍ അങ്ങനെയാ. കുരുത്തംകെട്ട പിള്ളേര്‍ ഉള്ള അമ്മമാരോട് സീത അഭിമാനത്തോടെ ഇത് പറയുമ്പോള്‍ മുരളിക്ക് ഒരു കുളിരാ…

“ദാ മൊന്ത….”

മൊന്തയുമായി മുരളി വേഗത്തില്‍ നടന്നു. തിരിച്ചു എത്തിയിട്ട് ധൃതിയൊന്നും ഇല്ലാ. പക്ഷെ പുറത്തു ഇറങ്ങാന്‍ ഇപ്പോള്‍ മുരളിക്ക് മടിയാ. ആരെ കണ്ടാലും മുരളി ചിരിക്കും, തിരച്ചു ഒരു ചിരി കാണാന്‍ വേണ്ടി. പക്ഷെ അച്ഛനെ പോലീസ് കൊണ്ടുപോയതിനു ശേഷം തിരിച്ചുള്ള ചിരികള്‍ നിലച്ചു. കഴിഞ്ഞ കൊല്ലം തുംഭാനല്ലൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ കഥകളി നടന്നപ്പോള്‍ മുരളി കണ്ട പല ഭാവങ്ങളും ആണ് അവന്‍ ചിരിക്കുമ്പോള്‍ അവനു തിരിച്ചു കിട്ടുന്നത്. കരുണം, ശോകം, രൗദ്രം, ഹാസ്യം അങ്ങനെ പലതും. മുരളിക്ക് അതു കാണുമ്പോള്‍ കൂടുതല്‍ ചിരി വരും.

അങ്ങനെ അവന്‍ നടന്നു നടന്നു രമണി ചേച്ചിയുടെ വീടിന്‍റെ മുന്നില്‍ എത്തി. ചേച്ചി ഒരു പാവം സ്ത്രിയാണ്. ഭര്‍ത്താവ് ഇല്ല. ഒറ്റ മോള്‍ പട്ടണത്തിലെ കോളേജില്‍ പഠിക്കുന്നു. ചേച്ചിയുടെ വീട്ടില്‍ 2 പശു ഉണ്ട്. ഇടയ്ക്കു മുരളിയുടെ പുരയിടത്തിലാ അതിനെ രണ്ടിനെയും കൊണ്ട് കെട്ടുന്നത്. മുരളി ഇടക്കൊക്കെ കുറച്ചു ദൂരം പാലിച്ചു പശുവിനെ നോക്കി നില്‍ക്കും. ഓടാന്‍ പാകത്തിന് വഴിയും കണ്ടാണ്‌ നില്‍പ്പ്. പുല്ലും ചവച്ചു അത്ഭുതജീവി കണക്കെ പശു മുരളിയെ നോക്കും. മുരളി തിരിച്ചും അതേ പോലെ നോക്കും. ഇടയ്ക്കു പശുവിനെ നോക്കി മുരളി ചിരിക്കും. പക്ഷെ പശുവിനു ചിരിക്കാന്‍ അറിയില്ലല്ലോ.

മുരളി രമണി ചേച്ചിയുടെ വീടിന്‍റെ പടിഞ്ഞാറേ വശത്തെ അടുക്കള വാതില്‍ക്കലേക്ക് നടന്നു. ചേച്ചി അടുപ്പില്‍ ചീനച്ചട്ടിയില്‍ നിന്ന് എന്തോ കോരി പാത്രത്തിലേക്ക് മാറ്റുകയാണ്. മുരളിയുടെ മൂക്കിലേക്ക് ആ മണം ഇടിച്ചുക്കുത്തി കയറി. “ഹാ, മുറുക്ക്.” പറഞ്ഞത് ഉച്ചത്തിലായി പോയോ എന്ന് മുരളി ഒന്ന് സംശയിച്ചു. രമണി ചേച്ചി സുന്ദരമായ മുഖത്ത് നിത്യവും ഉള്ള പുഞ്ചിരി കാട്ടി കടന്നു വന്നു. “എന്താ മോനെ..?”

ഇപ്പോഴും തന്നോട് നോക്കി ചിരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ആണ് ചേച്ചി എന്ന് മുരളി ഓര്‍ത്തു. “അമ്മ, ചോദിച്ചു കുറച്ചു പാല്‍ തരുമോ എന്ന്?”

“ആണോ, മോന്‍ നില്‍ക്കേ… ചേച്ചി ഇപ്പൊ വരം. അനു മോള്‍ വരുന്നുണ്ട്. അതാ അവള്‍ക്കു ഇഷ്ടപെട്ട അരിമുറുക്ക് ഉണ്ടാക്കുന്നേ…” രമണി ചേച്ചി അകത്തേക്ക് പോയി…

മുരളി അരിമുറുക്ക് വെച്ചിരുന്ന പാത്രത്തിലേക്ക് നോക്കി നിന്നു. മുറുക്കിന്‍റെ ത്രസിപ്പിക്കുന്ന മണം തലയ്ക്കു മത്ത് പിടിപ്പിച്ചു തുടങ്ങി. വയറ്റില്‍ വിശപ്പിന്‍റെ ചിറകടികള്‍ ഉയര്‍ന്നു തുടങ്ങി. വായില്‍ കപ്പലുകള്‍ നന്ഗൂരം ഇട്ട് തുടങ്ങി. അതിനോടു ഒപ്പം തന്നെ അനന്ദുചേട്ടന്‍റെ വാക്കുകള്‍ മുരളിയുടെ തലയില്‍ ഓളമിട്ടു ഉയര്‍ന്നു. “ഇഷ്ടമുള്ള എന്തേലും കണ്ടാല്‍ എടുത്തോണം.” മുരളിയുടെ കുഞ്ഞുകൈകള്‍ അറച്ചു അറച്ചു പാത്രത്തിലേക്ക് നീങ്ങി. “ഭഗവാന്‍ കൃഷ്ണന്‍ വരെ മോഷ്ട്ടിക്കുന്നു.” അനന്ദുചേട്ടന്‍റെ രൂപം മുന്നില്‍ തെളിഞ്ഞു. പാത്രത്തിനടുത്തു എത്തിയതും ശരവേഗത്തില്‍ ഒരു പിടി മുറുക്ക് വാരി മുരളി കീശയില്‍ ആക്കിയതും രമണി ചേച്ചി വന്നതും ഒരുമിച്ചു ആയിരുന്നു. മുരളിയുടെ ചങ്ക് പിടച്ചു നെഞ്ചിന്‍ക്കൂട്ടിലൂടെ പുറത്തേക്കു തള്ളി. എടുത്തുകൊണ്ടു വന്ന പാത്രത്തില്‍ നിന്ന് ചേച്ചി മൊന്തയിലേക്ക് പാല്‍ പകര്‍ന്നു. മുരളി വിറച്ചു കൊണ്ട് മൊന്ത വാങ്ങി. രമണി ചേച്ചിയുടെ ചിരി വിരിഞ്ഞ മുഖവും കണ്ടു മുരളി പുറത്തേക്കു ഇറങ്ങി നടന്നു. കൈ വിറച്ചു പാല്‍ തുളുമ്പാന്‍ തുടങ്ങി. എതിരെ നടന്നു വരുന്നവര്‍ എല്ലാം സംശയത്തിന്‍റെ ശരങ്ങള്‍ തന്നിലേക്ക് പായിക്കുന്നു എന്ന് മുരളിക്ക് തോന്നി തുടങ്ങി. മുരളി നടത്തത്തിന്‍റെ വേഗം കൂട്ടി. ഒരു ആളൊഴിഞ്ഞ വളവു എത്തിയപ്പോ അവന്‍ നിന്ന് മുന്നും പിന്നും നോക്കി. ചുറ്റും കെട്ടി നിന്ന നിശബ്ദത പോലും അവനു അസഹ്യം ആയി തോന്നി. അവന്‍ കീശയില്‍ നിന്ന് ഒരു മുറുക്ക് എടുത്തു.

രാവിലെ പെയ്ത മഴയില്‍ കിടുങ്ങി നില്‍ക്കുന്ന ഭൂമിയില്‍ നിന്ന് അവന്‍ വിയര്‍ത്തു. അവന്‍ കീശയിലേക്ക്‌ കൈ ഇട്ട് ഒരു മുറുക്ക് എടുത്തു വായുടെ തുമ്പ് വരെ കൊണ്ട് എത്തിച്ചു. പക്ഷെ ഇടി വെട്ടിയപോലെ മുരളിയുടെ കൈ നിശ്ചലം ആയി. പ്രതിമ കണക്കെ അവന്‍ നിന്നു. ശരീരത്തിലെ ഭാരം നഷ്ട്ടപെട്ടു താന്‍ മുകളിലേക്ക് ഉയരുകയാണ് എന്ന് മുരളിക്ക് തോന്നി. വിശന്നു കയറിവരുന്ന അനുചേച്ചിയുടെ മുഖവും എന്തിനോ വേണ്ടി അവന്‍റെ നെഞ്ചില്‍ കോറി വരിഞ്ഞു. പെട്ടന്ന് അവനു ആ മുറുക്കിന്‍റെ മണം നഷ്ട്ടമായി. പകരം വായില്‍ വെക്കും മുന്നേ തന്നെ നാവിന്‍ തുമ്പില്‍ ഒരു തരം ചവര്‍പ്പ് നിറഞ്ഞു. മുറുക്ക് തിരികെ അവന്‍ കീശയില്‍ ഇട്ടു. മുരളി തിരകെ രമണിചേച്ചിയുടെ വീട്ടിലേക്കു ഓടി.

അവന്‍ അടുക്കളഭാഗത്തേക്ക്‌ മെല്ലെ നടന്നു ചെന്നു. അടുക്കളയില്‍ ആരും ഇല്ലായിരുന്നു. ആടുപ്പിലെ കനല്‍ അണയാതെ കിടന്നു. വീടിനകത്ത് നിന്ന് കാല്‍പെരുമാറ്റം കേള്‍ക്കാം. അവന്‍ കീശയില്‍ നിന്നും മുറുക്ക് എടുത്തു പാത്രത്തില്‍ ഇട്ട് പുറം തിരിഞ്ഞതും രമണിചേച്ചിയുടെ ശബ്ദം പുറകില്‍ ഉയര്‍ന്നു.

“മുരളി….”

വിളി ഉയര്‍ന്നുതാണ പോലെ അവന്‍റെ ഹൃദയമിടിപ്പും നിലച്ചു. അവന്‍ കുറ്റബോധം കൊണ്ട് ചീര്‍ത്ത താഴ്ന്ന മുഖവും കൊണ്ട് തിരിഞ്ഞു നിന്നു. “മോനെ നീ പോയില്ലായിരുന്നോ?”

ഇല്ലാ…. ചേച്ചി കണ്ടില്ല. മുരളിയുടെ ശ്വാസം നേരെ വീണു. എങ്കിലും തൂക്കുകയറിനു മുന്നില്‍ നില്‍ക്കുന്ന കൊലയാളിയുടെ നിസ്സഹായത അവന്‍റെ മുഖത്ത് നിഴല്‍ വിരിച്ചു നിന്നു. അവന്‍റെ വായില്‍ ഒരു തുള്ളി നീര് ബാക്കി ഇല്ലായിരുന്നു. ഉത്തരം കാത്തു നില്‍ക്കുന്ന ചേച്ചിയുടെ മുഖത്ത് നോക്കി എല്ലാം വിളിച്ചു പറയാന്‍ മാത്രം അവന്‍റെ നാവു തരിച്ചു. പക്ഷെ അതിനുള്ള ബലവും ആ കുരുന്നു നാവിനു നഷ്ടമായായിരുന്നു.

“ശോ…”

മുരളി തല ഉയര്‍ത്തി ചേച്ചിയെ നോക്കി. “ഞാന്‍ മറന്നേ പോയി..” ചേച്ചി പത്രക്കെട്ടിനു താഴെ നിരയില്‍ നിന്നും ഒരു പത്രം വലിച്ചു എടുത്തു, അതിലെ ഒരു പേജ് കീറി അതിലേക്കു കുറേ മുറുക്ക് വാരി നിറച്ചു പൊതിഞ്ഞു മുരളിക്ക് നേരെ നീട്ടി. എന്താണ് ഉണ്ടായതെന്ന് മുരളിക്ക് പെട്ടന്ന് വ്യക്തമായില്ല. മുറുക്കില്‍ നോക്കി നിന്ന അവന്‍റെ കണ്ണുകളില്‍ കണ്ണീര്‍ തളംകെട്ടാന്‍ തുടങ്ങി എന്ന് അവനു തോന്നിയപ്പോള്‍ അവന്‍ പെട്ടന്ന് പൊതി വാങ്ങി. “വീട്ടില്‍ കൊണ്ട് പോയി അമ്മക്കും കൊടുക്കണേ… ഒറ്റയ്ക്ക് തിന്നു തീര്‍ക്കരുത്‌. മുരളി തലയാട്ടി പുറത്തേക്കു ഇറങ്ങി.

വീടിനു നേരെ പോകുന്ന വഴിവക്കിലെ പാപ്പാത്തിയില്‍ മുരളി കയറി ഇരുന്നു. കൈയ്യിലെ മുറുക്കിന്‍റെ പൊതി തുറന്നു. അപ്പോഴാണ്‌ പൊതിഞ്ഞ പത്രത്തിലെ തന്‍റെ അച്ഛന്‍റെ ഫോട്ടോ മുരളി ശ്രദ്ധിച്ചത്. അവന്‍റെ അച്ഛന്‍റെ അറസ്റ്റ് വാര്‍ത്ത‍ ആയിരുന്നു അത്. “അച്ഛന്‍ ഉണ്ടായിരുന്നേല്‍ അച്ഛനും കൊടുക്കായിരുന്നു…” മുരളി ഒരു മുറുക്ക് എടുത്തു വായില്‍ വെച്ചു. “എന്ത് രുചിയാണ്.” അവന്‍ കണ്ണുകള്‍ അടച്ചു മൂളി.

പക്ഷെ മുരളി അറിഞ്ഞില്ല, ആ മുറുക്കിന്‍റെ സ്വാദ് ശരിക്കും സത്യസന്ധതയുടെ ആയിരുന്നു എന്ന്.

 

 

Ajayghosh Chakravarthy is from Pathanamthitta dist, Kerala. He is a cinephile and into writing scripts and short stories and has a strong passion for acting. He is graduated in BA(hons) Political Science from Hindu College, Delhi University.
Ajayghosh Chakravarthy
Writer

How useful was this post?

Click on a star to rate it!

Average rating 3.3 / 5. Vote count: 7

No votes so far! Be the first to rate this post.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x