അന്ത്യത്തിന് അഞ്ചു നിമിഷം മുൻപ്

95 Views

അന്ത്യത്തിന് അഞ്ചു നിമിഷം മുൻപ്

ഭൂമി ഉരുളുകയാണ്;താൻ ഈ നിമിഷത്തിലേക്ക് ഇടിഞ്ഞു വീണിപ്പോൾ മരിച്ചു പോവുമെന്നു തോന്നിപ്പിക്കും വിധം, സ്വയം ചുമന്നുരുണ്ട് എരിഞ്ഞു നിലവിളിക്കുന്ന സൂര്യനു ചുറ്റും വല്ലാതെ തളർന്ന് കിതച്ച് … അതിനെ വരിഞ്ഞ് വലിഞ്ഞ് കാറ്റങ്ങനെ വീശി കൊണ്ടിരുന്നു ;കാറ്റിലൂടെയാണെങ്കിലോ ഒരു സ്ഫോടനെത്തെയൊന്നാകെ ചുമക്കുന്ന ആറ്റംബോംബിനെപ്പോലെ ആ രോഗ വിഷാണു ബോംബ് അന്തസ്സായി ഉലാത്തി,അത് സ്വാതന്ത്ര്യം കിട്ടിയ കുട്ടിയെപ്പോലെ ചടുപുടുന്നനെ ചാടി നടക്കുകയാണ്.
” ആ ഭൂമി തന്നെത്താൻ ചെറുതാവുന്നുണ്ടോ?” …… _
അവിടെ അടഞ്ഞ വാതിലുകളൊന്നും ആർക്കുവേണ്ടിയും തുറക്കപ്പെടുന്നില്ല, ആരും ആരേയും കേൾക്കുന്നില്ല, ആരും ആർക്കു വേണ്ടിയും ശബ്ദിക്കുന്നുമില്ല, ശ്വാസങ്ങളെ ഭയന്ന് ഒരു ജനത മൊത്തം സ്വയം തടവിലാക്കപ്പെട്ടിരിക്കുന്നു.
എങ്ങും മൗനം……..
ദു:ഖ സാന്ദ്രമായ, ഭയം നിറഞ്ഞ മൗനം.!, പ്രിയ്യപ്പെട്ടവരുടെ മരണങ്ങളിൽ പോലും ആരും നിലവിളിക്കുന്നില്ല, ആംബുലൻസുകളുടെ അലറി കരച്ചിലുകൾക്കും പോലും അവിടെ പ്രസക്തിയില്ല., ശവങ്ങൾ ഭൂമിയുടെ അകകാമ്പിലേക്ക് പൂഴിമണൽ പോലെ വലിച്ചെറിയപ്പെടുന്നു. മരണവും ഇപ്പോഴവരുടെ ശീലത്തിൻ്റെ ഭാഗമായിരിക്കുന്നു. അവർ നിശ്ചലതയുടെ ,നിർവ്വികാരതയുടെ മുഖംമൂടികളണിഞ്ഞിരിക്കുന്നു .

മൗനം ചിലന്തിയെപ്പോലെഭൂമിയിൽ വലകെട്ടികൊണ്ടിരുന്നു, ദൈവത്തിൻ്റെ സന്തതികളെല്ലാം ആ വലയിൽ സ്വയം കുരുങ്ങി ചുരുണ്ടു കിടന്നു ,ഐറിനു മാത്രം.. ഐറിനു മാത്രം അത് പറ്റിയില്ല അവൾക്കാ ചിലന്തി വലയിൽ വല്ലാതെ ശ്വാസംമുട്ടി, വല്ലാതെയെന്നു വച്ചാൽ വല്ലാതെ;ചിലന്തിവലകളിൽ നിന്ന് അതിമനോഹരമായി രക്ഷപ്പെടുന്ന പൂമ്പാറ്റയെപ്പോലെ അവൾ വീടിൻ്റെ ടെറസിലേക്കോടികയറി, തികഞ്ഞ പകൽ വെളിച്ചത്തിലൊരു കഷ്ണം വായുവിനെ ഹൃദയത്തിലേക്ക് വലിച്ചു കയറ്റി, അങ്ങോട്ടും ഇങ്ങോട്ടും കുറേ തിരിഞ്ഞ് കൈവെച്ച് ദിശ നോക്കി ഉറപ്പിച്ചു
” ആ ഇതു തന്നെ “;എന്നിട്ട് ഒട്ടിയ ചുണ്ടുകൾ വലിച്ചെടുത്ത് ഉറക്കനെ വിളിച്ചു,
” ആബിൻ… കേൾക്കാമോ?”
ഏതൊക്കൊയോ മലയിലും കുന്നിലും കൂറ്റൻ പാലങ്ങളിലും ചെന്നിടിച്ച് നടപ്പാതകളിലൂടെ ആ ശബ്ദം അവളിലേക്ക് തന്നെ തിരിച്ചടിച്ചു,
” ആബിൻ… കേൾക്കാമോ?”
പിറ്റേ ദിവസവും അവൾ ടെറസിലേക്ക് ഓടിക്കയറി… മൗനരങ്ങളെ കീറിമുറിച്ച് അലറി
” ആബിൻ … കേൾക്കാമോ?”
അവൾ അതു തന്നെ പിന്നെയും കേട്ടു, അതങ്ങനെ കുറച്ചു ദിവസം നീണ്ടു, എന്നും അവളതു തന്നെ കേട്ടു.പെക്ഷെ അവൾക്ക് മടുത്തില്ല അവൾ നിർത്തിയുമില്ല.
പിന്നെ ഇരുണ്ട മഴകൾ പെയ്യാൻ തുടങ്ങി, കടലിൽ ഭീമൻ ഓർ മീനുകൾ ചത്തു പൊങ്ങി,ഭൂമിയുടെ താളം വല്ലാതെ തെറ്റി, അവളാ ഭാഗത്തേക്ക് ചെവി പോലും തിരിച്ചില്ല, പിന്നെയും മഴ തോർന്ന നേരം നോക്കി അവൾ ടെറസിലേക്കോടി………
“ആബിൻ… കേൾക്കാമോ?”
അന്ന് പതിവിനു വിപരീതമായി മൗനമായിരുന്നു മറുപടി !’ അവൾ ഒന്നുകൂടി വിളിച്ചു. നോക്കി, വീണ്ടും മൗനം! തൻ്റെ ശബ്ദം എവിടെയോ തങ്ങിയിരിക്കുന്നു, അത് തിരിച്ച് വന്നില്ല, അവൾ ഒന്നുകൂടി വിളിച്ചു നോക്കി,
” ആബിൻ കേൾക്കാമോ?”

“ഇതാരാണ് എൻ്റെ ഐറിനാണോ??”
ആനന്ദത്തിൻ്റെ മൂർച്ചയിലെത്തി കൊണ്ട് അവൾ തിരിച്ചു പറഞ്ഞു
” അല്ലാതാരെങ്കിലും ചെക്കാ, ഈ ഭൂമി പാതാളം പോലിരിക്കണ നേരത്ത്;ആബിൻ… ആബിൻ എന്ന് വിളിച്ചലറുമോ?”
അത് കേട്ടാരോ പൊട്ടിച്ചിരിച്ചു
” ആബിൻ നീയാണോ ചിരിച്ചത്?”
“ഞാനൊന്നുമല്ല”
അയാൾ അതുകേട്ട് വീണ്ടും ചിരിച്ചു.
” ആരാ…ഇത്?”
അയാൾ പിന്നെയും പിന്നെയും പൊട്ടിച്ചിരിച്ചു, മഴ തോർന്ന ആകാശത്ത് ഇടിവെട്ടും പോലെ അയാളുടെ ചിരി പടർന്നു.

“അയാളെ വിട്… ആരോ ആവട്ടെ, ഇത്ര ദിവസം ഞാൻ വിളിച്ചപ്പൊഴൊക്കൊ നീ എവടേർന്നു?”
“ഞാൻ കേട്ടില്ലല്ലോ “
“ആ.. നീ കേൾക്കില്ല”
ഇരുട്ടു, മൂടും വരെ അവരവിടെ നിന്ന് സംസാരിച്ചു, അതു കേട്ടയാൾ ഘോര ഘോരം ചിരിച്ചു.

” പ്രണയിക്കുന്നവർ നരകത്തിൽ പോട്ടെ… അല്ല പോവും..”
ഇടി മിന്നൽ കണക്കെ പൊട്ടിച്ചിരിച്ച് അയാൾ പറഞ്ഞു.

” ആബിൻ ആരാണയാൾ?”
“അത് മിക്കവാറും ആ പ്രാന്തൻ പീറ്ററായിരിക്കും”
” പ്രാന്തു നിൻ്റെ അച്ഛനാണ് “
” അതെ അയാൾ തന്നെ “.
പിന്നെ ആബിനും ഐറിനും പൊട്ടിച്ചിരിച്ചു.
” നാളെ മഴ തോരുമ്പൊ വരണം.”
“എനിക്ക് പോവ്വാൻ തോന്നിണില്ല “
“പോണം അടുത്ത മഴ വരുന്നുണ്ട് “
അടുത്ത ദിവസവും മഴ തോർവിക്ക് അവാരാർത്തി പിടിച്ച് ടെറസിലേക്കോടി കയറി, പൊട്ടിച്ചിരിക്കാനായി പീറ്ററും.
“ഐൻ… “
“എന്താ?”
“മഴ തോർന്നിപ്പോൾ കറുപ്പു മാറി സന്ധ്യായയതു കണ്ടില്ലേ?”
” കണ്ടു അതിന്?… “
” ഈ സന്ധ്യയോളം എനിക്ക് നിന്നോട് ചുവപ്പമാണ്… അല്ല ഈ സന്ധ്യയും കവിഞ്ഞ്… “
അവളുടെ മുഖവും അത്രത്തോളം ചുവന്നു, എന്നിട്ടും അതൊന്നുമറിയിക്കാതെ അവൾ ചോദിച്ചു
” പക്ഷെ സന്ധ്യ പോവുമ്പോൾ മാനം ഇരുണ്ടു തുടുക്കില്ലേ?”

“അപ്പോൾ ,തെളിഞ്ഞു വരുന്ന പതിനായിരം കോടി നക്ഷത്രങ്ങളോളം എനിക്ക് നിന്നെ ഇഷ്ട്ടമാണ്,… അല്ല തെറ്റി അതിലും കവിഞ്ഞ്… “

“ആബിൻ..ഇപ്പോൾ ഇരുണ്ട മഴകൾ പെയ്യുകയാണ്.. സന്ധ്യ കഴിഞ്ഞാൽ.. ആകാശം മൊത്തം കറുത്ത.. കറുകറുത്ത ഇരുട്ടു മൂടും.. കാർമേഘങ്ങൾ നക്ഷത്രങ്ങൾക്കു മേൽ ചവിട്ടി നിന്ന് മഴനൃത്തം ചവിട്ടും.. നിൻ്റെ നക്ഷത്രങ്ങൾ മരിക്കും.. “
പീറ്റർ അതേ ഇടിച്ചിരിയോടെ പറഞ്ഞു

ഐറിൻ്റെ നക്ഷത്രം തിളങ്ങിയ കണ്ണുകളും, സന്ധ്യ ചുമന്ന കവിളും ചെറുതായൊന്ന് വാടി, അത് മനസ്സിലായെന്നപോലെ ആബിൻ പറഞ്ഞു;
” ഇയാള്……. പക്ഷെ ഐറിൻ എൻ്റെ ഹൃദയത്തിൽ നിനക്കായി അഞ്ചു കോടി ആകാശമുണ്ട്… അതിൽ നിറച്ച് നക്ഷത്രങ്ങളാണ്‌… നല്ല ചിതറി തിളങ്ങുന്ന നക്ഷത്രങ്ങൾ.. ഓരോ ആകാശത്തിലും പതിനായിരത്തി അറുപത്തി നാല് നക്ഷത്രങ്ങൾ … അല്ല.. അതിലും കവിഞ്ഞ്….”

“മുങ്ങാൻ പോകുന്ന ടൈറ്റാനിക്കിൽ ചിലർ ഗിത്താർ വായിച്ച് പാട്ടു പാടുന്നു..
“ഓ.. മൈ ഗോഡ് നിയറർ ടു തീ.. “
അയാൾ വീണ്ടുമുറക്കെയുറക്കെ ചിരിച്ചു, ആകാശം മുഴക്കി കൊണ്ട്…..
പിന്നീട് ആബിനും ഐറിനും അവിടെ നിന്നിറങ്ങിയില്ല, പീറ്റർ പറയും പോലെ ഇരുണ്ട ചുടല കാട്ടിലിരുന്ന് അവർ പുഞ്ചിരിച്ചു കൊണ്ട് പാട്ടു പാടുകയായിരുന്നു.
,,ഭൂമി പിടഞ്ഞു മറിയുകയായിരുന്നു, ഇരുണ്ട മഴയിൽ മുങ്ങി കുർന്ന്, കൂറ്റൻ കാറ്റുകൾ ആഞ്ഞ് വീശി, ഒരു കുഞ്ഞു വിഷാണുവാവട്ടെ ഭൂമിയുടെ അവകാശികളെയെല്ലാം കൊന്നൊടുക്കി അതിൻ്റെ സാമ്രാജ്യമവിടെ കെട്ടിപടുക്കുകയായിരുന്നു. ഭൂമിയാണെങ്കിലോ മരണത്തെ മുഖാമുഖം കണ്ടിട്ടും അങ്ങനെ പിടഞ്ഞുരുണ്ടു
അവരാവട്ടെ ആകാശത്തിലേക്ക് നോക്കി പെയ്യുന്ന മഴയത്രയും കൊണ്ടു, വീശുന്ന കാറ്റത്രയും വലിച്ചെടുത്തു.
” ഐറിൻ… നിനക്കറിയാമോ?”
“ആ.. അറിയാം”
“എന്തറിയാം”
“നീയെന്നെ സ്നേഹിക്കുന്നു വെന്നല്ലേ…”
“അല്ല.. അതു മാത്രമല്ല,.ഞാൻ നിന്നെ സ്നേഹിക്കുന്നു.. ഈ കടലോളം… ,കാറ്റോളം.., ആകാശത്തോളം.. ,ഈ ഇരുണ്ട മഴയോളം.., വെട്ടുന്ന ഇടിയുടെ ഊക്കോളം.. ഈ സുന്ദരനും,സുമുഖനുമായ സുരോഗവിഷാണുവില്ലേ… അത് മരണത്തെയെത്രത്തോളം സ്നേഹിക്കുന്നുവോ … അത്രത്തോളം.. അത്രത്തോളം ഞാൻ നിന്നേയും സ്നേഹിക്കുന്നു… “
” ഈ നനുത്ത മണ്ടൻ വിഷാണുവിനെക്കാൾ മരണത്തെ ഞാൻ സ്നേഹിക്കുന്നു.. “
പീറ്റർ ഇടക്കു കയറി വിളിച്ചുപറഞ്ഞു.
” എൻ്റെ കാമുകി മരണമാണ്… അവളെ ഞാൻ സ്നേഹിക്കുന്ന പോലെ.. ആരും ആരേയും സ്നേഹിക്കുന്നില്ല,,.. ഇനി സ്നേഹിക്കയുമില്ല.. പക്ഷെ അവൾ.. എന്നെ മാത്രമല്ല എല്ലാവരേയും ഒരുപോലെ സനേഹിക്കുന്നു…അവൾ വരും…തീർച്ചയായും വരും നിങ്ങൾക്ക് പ്രണയ സമ്മാനം നൽകാൻ…”
അയാളുടെ പ്രാന്തൻ വർത്താനങ്ങളിൽ നിന്ന് തലയെടുത്ത് വട്ടു പിടിച്ചവനെപ്പോലെ ആബിൻ പറഞ്ഞു
“ഐറിൻ… എനിക്ക് നിന്നെ ഒന്ന് കാണണം “
” എന്തിന്?”
“ഇനി കാണാൻ പറ്റിയില്ലെങ്കിലോ?”
“എന്താ …കാണാൻ പറ്റാതേ?”
” അത്… നമ്മളെക്കാനും മരിച്ചു പോയാൽ.. “
” മരിച്ചു പോയാൽ നമുക്ക നരകത്തിൽ വെച്ച് കാണാം “
“നരകത്തിലോ? … അതെന്താ?”
” ആ… പ്രണയിക്കുന്നവർ നരകത്തിൽ പോവും”
” അതാരു പറഞ്ഞു?”
” മഹാമയനായ പീറ്റർ സാമുവൽ ജോൺ “
അവർ പൊട്ടിച്ചിരിച്ചു, കൂടെ പീറ്ററും,, ആ പൊട്ടിച്ചിരിക്കവസാനം ഐറിൻ പറഞ്ഞു
” എനിക്ക് നിന്നെ കണ്ടാൽ മാത്രം പോര “
” പിന്നെ?… .”
“ഒന്നുമ്മ വെക്കണം.”
അത് കേട്ട് ആബിൻ നിശ്ചലമായിപ്പോയി.., കൂടെ ഐറിനും.. മൗനത്തെ കീറി മുറിച്ച് കൊണ് പീറ്റർ പറഞ്ഞു
” ആദ്യമായും… അവസാനമായും… “

അപ്പോഴും ഐറിനും ആബിനും നിശ്ചലമായിരുന്നു.. നിലസ്വപ്നത്തിലെന്ന പോലെ…
” നടക്കാത്ത സ്വപ്നങ്ങളെക്ക കുറിച്ച് ചിന്തിക്കാതിരിക്കൂ, അത് നിരാശ തരും. എന്നേയും എൻ്റെ കാമുകിയേയും പോലെ നടക്കുന്നവ ചിന്തിക്കൂ…”
പീറ്റർ ഉപദേശമെന്നോണം പറഞ്ഞ് നിർത്തി പൊട്ടിച്ചിരിച്ചു, അയാൾക്ക് പൊട്ടിച്ചിരിക്കാനല്ലാതെ വേറൊന്നും ചെയ്യാനറിയില്ലയിരുന്നു.
” എന്ത് കൊണ്ട് പറ്റില്ല പീറ്റർ? “
നിശ്ചലതയിൽ നിന്ന് പിടഞ്ഞെണീറ്റ് ഐറിൻ അലറി.
“നാളെ… നാളെ …. മുങ്ങി മരിച്ച സൂര്യന് കടലിൽ നിന്ന് പൊങ്ങില്ല… നാളെ… നാളെ…ഇരുണ്ട മഴകൾ ഭൂമിയിലേക്ക് തുളച്ച് കയറി ഭൂമിയെ കുത്തി കീറും.. ഇടിവെട്ടി കൊടുങ്കാറ്റു വീശും… ആകാശം ഭൂമിയിലേക്ക് തകർന്ന് വീഴും… മഴ ഭൂമിയെ രണ്ടായി മുറിക്കും….
അന്ത്യത്തിൻ്റെ അവസാന താളം ഭൂമിയിൽ ചുടല നൃത്തം ചവിട്ടും….മരണം ഭരിക്കും..”
.അയാളുടെ വാക്കുകളുടെ വിറയലിൽ നിന്ന് പിടിഞ്ഞെണീറ്റ് ,തങ്ങളുടെ മനോഹര സംസാരം തുലച്ച ചൊടിയിൽ ആബിൻ വെറുത്ത് ചോദിച്ചു;
” അത് പറയാൻ നിങ്ങളാരാണ്?”
” ഞാൻ നിങ്ങളുടെ മരിച്ച ദൈവമാണ്…” ‘
അതു പറഞ്ഞപ്പോളയാൾ ചിരിച്ചില്ല.
അയാളുടെ വാക്കുകളിൽ നിന്ന് പടർന്നു കയറിയ അസാധാരണമായ ഭീതിയിൽ ഐറിൻ പറഞ്ഞു;
” എനിക്കു നിന്നെ കാണണം. ….. മരിക്കും മുമ്പ്….. ആബിൻ ഞാനിറങ്ങി നടക്കുന്നു.. ആ പാലത്തിൻ്റെ അവിടുള്ള പുൽവെച്ച പാതയിലേക്ക്.. അങ്ങോ വാ.. “

“ഐറിൻ.. ഞാനും..” അവൾ നിർത്തുന്നതിനു മുമ്പേ, ആബിൻ അലറി

ആബിനും ഐറിനും ആരേയും കൂസാതെ വാതിൽ തുറന്നിറങ്ങിയോടി, അന്തമില്ലാതെ….

അതുകേട്ട് പീറ്റർ പിന്നെയും പൊട്ടിച്ചിരിച്ച് ഉറങ്ങാൻ കിടന്നു.. പതിവിലും സുഖമായി, ഗാഢയു റങ്ങി, ഏതോ മണിയടിച്ചപ്പോഴെന്നുന്നേറ്റ് കുളിച്ച് പുതിയ കുപ്പായമൊക്കൊ എടുത്തിട്ട് പാലത്തിനു നേരെ നടന്നു,മുടിയൊക്കൊ വൃത്തിക്ക് ചികി വെച്ചിരുന്നു. അയാളന്ന് കൂടുതൽ സുന്ദരനും, സുമുഖനും സന്തോഷവാനുമായിരുന്നു. അപ്പോഴേക്കും ചുറ്റിലും പട്ടിയും, കാക്കയും ,കരടിയും, മൈനയുമൊക്കൊ അന്ത്യത്തിൻ്റെ അലറി കരച്ചലിച്ചിൻ്റെ സംഗീതം മുഴക്കാനൊരുങ്ങിയിരുന്നു..
              അയാൾ നടപ്പാതയിലൂടെ നടന്ന്, ഒരു പുൽമേട്ടിലെത്തി .. നിറയെ വയലറ്റ് പൂക്കൾ പൂത്തു നിൽക്കുന്ന അതിൻ്റെ സുന്ദരമായ ഒരറ്റത്തേക്ക് നടന്നു
   “അതെ… ഭൂമിയുടെ അറ്റം” അയാൾ ആഹ്ലാദിച്ചു.
പിന്നെ അളവുകളെടുത്ത് അഞ്ചര- അഞ്ചേമുക്കാലടി നീളത്തിൽ ഒരു കുഴിവെട്ടുകയായി, ശേഷം അരികിലുള്ള പുഴയിലക്ക് നടന്നു, വിയർപ്പു നാറ്റം മാറാൻ ഒന്നു കുളിച്ചു, കയ്യിൽ  കരുതിയ വേറൊരു ജോഡി പുത്തൻ കുപ്പായങ്ങളണിഞ്ഞു. പിന്നെ പൂത്ത് നിൽക്കുന്ന  വയലറ്റ് പൂക്കളുടെ ഇടയിലിരുന്ന് കയ്യിലുള്ള ജ്യൂസും, ബ്രഡും, പഴങ്ങളുമൊക്കൊ ആഡംബരത്തോടെ അന്തസ്സായി കഴിച്ചു.. ഒരു രാജാവിനെ പോലെ.,
           ശേഷം പുഞ്ചിരിച്ചു കൊണ്ടയാൾ സ്വയം സ്വാഗതം പറഞ് കുഴിലേക്ക് കിടന്നു, കുഴിയുടെ അരികിൽ  നിന്ന് ഉണങ്ങിയൊരു പഴത്തോടു കൊണ്ട് മണ്ണുമാന്തി സ്വയം മൂടി കൊണ്ടിരുന്നു.. അയാൾ ആഹ്ലാദമെന്ത് അനുഭവിക്കുകയായിരുന്നു.. അപ്പോളയാൾ ആനന്ദത്തിൻ്റെ അനന്തമായ മൂർഛയിൽ ചവിട്ടി നിന്ന് അഭിമാനം പൂണ്ടു, ഇപ്പോഴിതാ അവസാനത്തിൻ്റെ, അന്ത്യത്തിൻ്റെ അഞ്ചു നിമിഷം മുൻപ് താൻ തന്നെ അടക്കം ചെയ്തിരിക്കുന്നു, ഈ ഭൂമിയിലെ പ്രമാണികളും ,പിച്ചക്കാരും, എച്ചികളും, കള്ളൻമാരും, നാറികളുമെല്ലാം അടുത്ത അഞ്ചു നിമിഷത്തിൽ മരിക്കും.. സ്വന്തമായൊരു കുഴിമാടം പോലുമില്ലാതെ.. താനാണ് ഏറ്റവും ഭാഗ്യം  ചെയ്തവൻ; അഭിമാനി ! , ഈ ഭൂമിയിൽ ഇക്കണ്ട കാലമത്രയും ജീവിച്ചിട്ടും തന്നെപ്പോലെ അന്തസ്സമായി മരിക്കാൻ പോകുന്നവനാരുണ്ട്? അവസാനത്തിൻ്റെ അഞ്ചു നിമിഷം മുന്നേ സ്വന്തം കുഴിമാടത്തിൽ, സ്വയം അടക്കം ചെയ്ത്., സന്തോഷവാനായി ,പരിപൂർണ്ണ സംതൃപ്തനായി…
അഹോ! ഈ ഭൂമിയിലെ  അവസാന കുഴിമാടത്തിനുടമ …!
അയാൾ അഭിമാനത്തിൻ്റെ ഉഛിയിൽ ചെന്ന് നൃത്തം ചവിട്ടി..
” അഹോ.. ആനന്ദം..മരണം മനോഹരം.. “

    ഐറിനും ആബിനുമപ്പോൾ ആ നടപ്പാതയുടെ ഇരുവശങ്ങളിൽ നിന്ന് അടുത്തേക്കുത്തു കഴിഞ്ഞു
“ഐറിൻ… “
” നമ്മൾ കണ്ടു മുട്ടിയിരിക്കുന്നു.. “
കണ്ണുകൾ കണ്ണികളിലേക്കടുത്തു, അവരും ആനന്ദമൂർഛയിലായിരുന്നു.
                 ആകാശത്തിൻ്റെ മീതെ ഇരുണ്ട കാർമേഘങ്ങൾ തിരക്കികൂടി, ഇടിവാളിനാൽ ആകാശത്തിൻ്റെ അതിർത്തികൾ വെട്ടി മത്സരിച്ചു .യുദ്ധകാഹളം പോലെ കാർമേഘങ്ങളലറി.. കാർമേഘങ്ങളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് മഴകൾ തെറിച്ചു പാഞ്ഞു, ഇരുട്ട് ഭൂമിയിലേക്ക് പൊട്ടിവീണു…പീറ്റർ അവസാനത്തെ തരിമണ്ണും എടുത്തിട്ടു, മണ്ണെടുത്ത കൈ കൊണ്ട്  കുത്തി ആ കൈയിനെ മണ്ണിലേക്ക് താഴ്ത്തി….,….., ചുണ്ട്  ചുണ്ടിനോടടുക്കാനാഞ്ഞു.
           പക്ഷെ അത് അന്ത്യത്തിൻ്റെ ഒരു നിമിഷം മുപായിരുന്നു. ഇപ്പോൾ …. “പൂജ്യം” !!
      രണ്ട് ചുണ്ടുകൾക്കിടയിലൂടെ ഭൂമി പിളർന്ന്, ഇരുട്ടിലേക്ക് ചോർന്നു കയറി.. ദൈവത്തിൻ്റെ സന്തകൾ പിടഞ്ഞു മരിച്ചു, കൊടുങ്കാറ്റുകളാഞ്ഞു വീശി, ഭൂമി ചിതറി…പീറ്റർ പറയും പോലെ അന്ത്യത്തിൻ്റെ അവസാന താളം ഭൂമിയിൽ ചുടല നൃത്തം ചവിട്ടി, മരണം ഭരിച്ചു, പീറ്ററിൻ്റെ കാമുകി പീറ്ററിനെ പുണർന്നു!
   ഭൂമി പൂജ്യമെന്ന നിമിഷമനുഭവിക്കുകയായിരുന്നു..
         …..നിശ്ചലത ….! പൂജ്യം !
ചളിമണ്ണിൽ അസ്ഥികൂടങ്ങൾ പരസ്പരം കെട്ടി പുണർന്നു കിടന്നു.,അത് പൊടിഞ്ഞു, അലിഞ്ഞു, അനന്തയിലേക്ക് മറഞ്ഞു.. ഒരു യുഗം അസ്തമിച്ചു.
           അനന്തയുടെ അപാരതയിൽ നിന്ന് ഒരു ജീവബിന്ദു പിടഞ്ഞെണീറ്റു, അത് ആദിയിലേക്ക് നടന്നു..
         ഐറിൻ ആദിയിൽ നിന്ന് പിടഞ്ഞെണീറ്റു.. മുന്നിലതാ ആബിൻ

” ഐറിൻ …നിനക്കു ഭേദമായിരിക്കുന്നു.. ഇനി നിനക്കു പുറത്തിറിങ്ങാം, മിണ്ടാം ,വീട്ടിലേക്ക് പോവാം.. “
അവൻ ആഹ്ലാദത്തിൽ നിലവിളിച്ചു.
  ” നമ്മൾ നരകത്തിലെത്തിയോ ആബിൻ?” ഒട്ടിയ ചുണ്ടുകൾ അടർത്തിയവൾ ചോദിച്ചു.
“നരകത്തിലോ?”
” ആ പ്രണയിക്കുന്നവർ നരകത്തിൽ പോവില്ലേ?”
ആബിൻ  പൊട്ടിച്ചിരിച്ചു
” നീയേതോ… ദു:സ്വപ്നം കണ്ടിരിക്കുന്നു.. “

” അല്ല നല്ല സ്വപ്നമായിരുന്നു., “

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
     ഐറിന് ആദിയിൽ നിൽക്കും പോലെ തോന്നി ,ഉൽഭവത്തിൻ്റെ പഴകിയ അറ്റത്ത്.. പുറത്തപ്പോഴും ഇരുണ്ട മഴ പൊടിഞ്ഞു വീണു കൊണ്ടിരുന്നു
       

Archa MR is a talented young poet from Kerala, born on September 13th, 2003. She has been passionate about literature from a very young age and has participated in many literature camps and workshops. Archa has had her works published in various publications and has received several awards for her poetry, including the Nurungu Poetry Award and the Keli Literature Award. Her poem on fascism in India was even read at the Kerala Parliament. Currently pursuing a BA in English Honours at Delhi University, Archa has her own unique style of writing and observing things.
Archa M R
Writer

How useful was this post?

Click on a star to rate it!

Average rating 3 / 5. Vote count: 4

No votes so far! Be the first to rate this post.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x